‘ഈ ജനാധിപത്യം എന്റെ കുടുംബത്തിന്റെ രക്തത്താൽ നനഞ്ഞത്’ : പ്രിയങ്ക

ഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ആകില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അയോഗ്യമാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ പാർലമെന്റിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്തലിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ‘ഈ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാണ് രാഹുൽ ഗാന്ധി ആക്രമിക്കപ്പെടുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പൊതുസേവകൻ അവർക്കു വേണ്ടി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദാനി സേവകൻ ആ ശബ്ദം അടിച്ചമർത്താൻ ഗൂഢാലോചന നടത്തുന്നു’ പ്രിയങ്ക കുറിച്ചു.

മോദി സർക്കാർ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും. രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനെ മോദിയുടെ സ്തുതിപാടകർ രാജ്യദ്രോഹി എന്നുവിളിച്ചു. ഗാന്ധി കുടുംബത്തേയും മുഴുവൻ കശ്മീരി പണ്ഡിറ്റികളേയും മോദി പാർലമെന്റിൽ അധിക്ഷേപിച്ചു. എന്നിട്ടും ഒരു ജഡ്ജിയും അദ്ദേഹത്തിന് രണ്ട് വർഷത്തെ ശിക്ഷ നൽകിയില്ല, പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടിട്ടില്ല. മോദിയുടെ രാജ്യത്തെ പാർലമെന്റിനെക്കാളും ജനങ്ങളെക്കാളും മോദിക്ക് വലുത് സുഹൃത്ത് ഗൗതം അദാനിയാണോ?- പ്രിയങ്ക ചോദിച്ചു.

‘നിങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച ജനാധിപത്യം എന്റെ കുടുംബത്തിന്റെ രക്തത്താൽ നനഞ്ഞതാണ്. ഞങ്ങളുടെ കുടുംബം ഇന്ത്യക്കാരുടെ ശബ്ദം ഉയർത്തി, തലമുറകളായി സത്യത്തിന് വേണ്ടി പോരാടി. ഭീരുവും അധികാരമോഹിയുമായ സ്വേച്ഛാധിപതിക്ക് മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിച്ചിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല’- പ്രിയങ്ക കുറിച്ചു.

Top