രാഹുലിന്റെ യാത്ര, പാർട്ടിയെ രക്ഷിക്കാനല്ല, പാർട്ടിയിലെ കുടുംബാധിപത്യം സംരക്ഷിക്കാൻ !

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരവസ്ഥ, വല്ലാത്തൊരു അവസ്ഥയാണത്. ഭൂമിയിലെ ജീവജാലകങ്ങൾക്ക് മാത്രമല്ല, അത്തരമൊരു അവസ്ഥ ചില രാഷ്ട്രിയ പാർട്ടികൾക്കും ഉണ്ടാകും. അതാണിപ്പോൾ കോൺഗ്രസ്സ് അഭിമുഖീകരിക്കുന്നത്. പാർട്ടിക്കുള്ളിലും പുറത്തും, ഒരേസമയം പ്രതിരോധം തീർക്കേണ്ട ഗതികേടിലാണ് ആ പാർട്ടിയും, ഗാന്ധി കുടുംബവും നിലവിൽ എത്തി നിൽക്കുന്നത്. സോണിയ ഗാന്ധി മുതൽ രാഹുൽ ഗാന്ധിയെ വരെ എതിർക്കാൻ, മുതിർന്ന നേതാക്കൾക്കുവരെ ധൈര്യം വന്നു കഴിഞ്ഞു. അവരാണ് ഗ്രൂപ്പ് 23. അഥവാ ജി 23. കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഈ ഗ്രൂപ്പിൽ നിന്നും എതിരി വരുമെന്ന ഭയം, സാക്ഷാൽ രാഹുൽ ഗാന്ധിക്കുമുണ്ട്. രാഹുൽ ഗാന്ധിയല്ലാതെ ആര് നയിച്ചാലും, പാർട്ടിയിൽ തങ്ങൾ അപ്രസക്തമായി പോകുമോ എന്ന ആശങ്ക കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള ഉപദേശകർക്കുമുണ്ട്. അതിനാൽ പാർട്ടി അണികൾക്കിടയിൽ ഗാന്ധി കുടുംബത്തിനുള്ള സ്വാധീനം നഷ്ടമായില്ലന്ന് തെളിയിക്കേണ്ടത് നിലവിലെ നേതൃത്വത്തിന്റെ ബാധ്യതയാണ്. കോൺഗ്രസ്സ് നേതൃത്വം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഇതാണെങ്കിൽ രണ്ടാമത്തെ ഭീഷണി ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളിയാണ്. കേന്ദ്രത്തിൽ മൂന്നാം ഊഴം ലക്ഷ്യമിടുന്ന ബി.ജെ.പിയെ സംബന്ധിച്ച് കോൺഗ്രസ്സ് നിലവിൽ ഒരു എതിരിയേ അല്ല. വെറും രണ്ട് സംസ്ഥാനങ്ങൾ മാത്രം ഭരിക്കുന്ന പാർട്ടിയെ ആ ഒരു പ്രാധാന്യത്തിൽ മാത്രമാണ് ബി.ജെ.പി കാണുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ പാർട്ടികൾ ഐക്യമുണ്ടാക്കുമോ എന്നതും ബീഹാർ മുഖ്യമന്ത്രിയോ ഡൽഹി മുഖ്യമന്ത്രിയോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരുമോ എന്നതുമാണ് ബി.ജെ.പി ഗൗരവത്തോടെ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു സഖ്യം ഉണ്ടായാൽ അത് വെല്ലുവിളിയാകുമെന്നതാണ് കാവിപ്പടയുടെ വിലയിരുത്തൽ.

ഈ അവസ്ഥയെ കോൺഗ്രസ്സും ഭയക്കുന്നുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികൾ നിതീഷ് കുമാറിനേയോ അരവിന്ദ് കെജരിവാളിനേയോ ഉയർത്തിക്കാട്ടിയാൽ കോൺഗ്രസ്സും ഈ സഖ്യത്തെ പിന്തുണയ്ക്കാൻ നിർബന്ധിക്കപ്പെടും. അതുണ്ടാവാതിരിക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേ കോൺഗ്രസ്സിനു മുന്നില്ലുള്ളൂ. അത് സ്വയം കരുത്താർജിക്കലാണ്. പ്രതിപക്ഷ പാർട്ടികൾക്കിടയിലും ജനങ്ങൾക്കിടയിലും നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിച്ച് സീറ്റുകൾ വൻതോതിൽ വർദ്ധിപ്പിച്ചാൽ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കുകയുള്ളു. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് അതിനുള്ള സാധ്യത വളരെ കുറവുമാണ്. ഇതെല്ലാം മുന്നിൽ കണ്ടാണ് ‘ഭാരത് ജോഡോ യാത്ര’യുമായി രാഹുൽ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുനത്.150 ദിവസം കൊണ്ട് 3,500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇന്ത്യയെ നടന്ന് അളക്കുകയാണ് ലക്ഷ്യം. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7.30 വരെയുമാണ് ഈ നടത്തം. ദിവസം 25 കിലോമീറ്റർ ജാഥാംഗങ്ങൾ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും ഭാരത യാത്ര എത്തുമെന്നാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു യാത്ര നടത്തുന്നത്. അതു കൊണ്ടു തന്നെ. യാത്ര എവിടെ അവസാനിക്കും എന്ന കാര്യത്തിലും സംശയം വ്യാപകമാണ്. ഇത്തരമൊരു യാത്ര നടത്താനുള്ള ‘ആരോഗ്യവും’ സംഘടനാ സംവിധാനവും കോൺഗ്രസ്സിന് ഇല്ലാത്തതാണ് ഇങ്ങനെ ഒരു സംശയം ഉയരാൻ കാരണമായിരിക്കുന്നത്. കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ നടത്തുന്ന ഈ യാത്ര കൊണ്ട് കോൺഗ്രസ്സിന് സംഘടനാപരമായി നേട്ടമുണ്ടായാലും ഇല്ലങ്കിലും രാഷ്ട്രീയമായി അത് വോട്ടായി മാറാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ പറയാൻ അതിന്റേതായ കാരണങ്ങളുമുണ്ട്.

ബി.ജെ.പിയെ വീഴ്ത്തണമെങ്കിൽ അവരുടെ പ്രധാനകോട്ടകളെയാണ് ആദ്യം ഉലയ്‌ക്കേണ്ടത്. അതിനായ ശ്രമമാണ് ഈ യാത്രയിലൂടെ രാഹുൽ ഗാന്ധി ആത്മാർത്ഥമായും നടത്തേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. 20 ലോകസഭ സീറ്റുകളിൽ 19 സീറ്റുകളിലും യു.ഡി.എഫ് വിജയിച്ച കേരളത്തിൽ 19 ദിവസം ഭാരത് യാത്ര പര്യടനം നടത്തുമ്പോൾ ബി.ജെ.പിയുടെ ഉരുക്കു കോട്ടയായ 80 ലോകസഭ സീറ്റുകൾ ഉള്ള യു.പിയിൽ രാഹുലിന്റെ യാത്ര കേവലം രണ്ട് ദിവസം മാത്രമാണ്. രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയ തീരുമാനമാണിത്. കാവിക്കൂട്ടങ്ങൾ ഉറഞ്ഞു തുള്ളി ചോരപ്പുഴ ഒഴുക്കിയ ഗുജറാത്തിലാകട്ടെ ‘കാവിയെ തുരത്താനിറങ്ങിയ’ ഈ യാത്ര കടന്നു പോകുന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം തട്ടകമാണ് ഗുജറാത്ത് എന്ന കാര്യം രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറന്നാലും രാജ്യത്തെ ജനങ്ങൾ മറക്കുകയില്ല. പ്രഹസനമായ ഒരു യാത്ര എന്ന് ഈ യാത്രയെ വിശേഷിപ്പിക്കാൻ ഇതു തന്നെയാണ് പ്രധാന കാരണം.

ലോകസഭയിൽ നിലവിലെ ആകെ അംഗസംഖ്യ 543 ആണ്. ഇതില്‍ 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റു നേടിയപ്പോൾ കോൺഗ്രസ്സിനു ലഭിച്ചത് 53 സീറ്റുകളാണ്. ഇതിൽ തന്നെ 15 സീറ്റുകൾ കേരളത്തിൽ നിന്നും ലഭിച്ചതാണ്. യു.പി.എ ഘടകകക്ഷികൾക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാതിരുന്ന ആ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടക കക്ഷികളും ഏറെ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ബി.ജെ.പി മുന്നണിയിൽ മത്സരിച്ച ശിവസേന 19ഉം ജെ.ഡി.യു -16 സീറ്റുകളും നേടിയിട്ടുണ്ട്. ഈ രണ്ട് പാർട്ടികളും ഇപ്പോൾ എൻ.ഡി.എക്ക് പുറത്താണുള്ളത്.

ബീഹാറിൽ നിതീഷിന്റെ ജെ.ഡി.യുവും മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശക്തമായതിനാൽ യഥാർത്ഥത്തിൽ പ്രതിപക്ഷ ചേരിക്കാണ് ആത്മവിശ്വാസം വർദ്ധിക്കേണ്ടത്. എന്നാൽ ഇപ്പോൾ ആ ആത്മവിശ്വാസം പ്രതിപക്ഷത്ത് ഇല്ലാത്തതിന്റെ പ്രധാന കാരണവും കോൺഗ്രസ്സാണ്. കൂടുതൽ സീറ്റുകൾ എവിടെ നിന്നു ലഭിക്കും എന്ന കാര്യത്തിൽ ആ പാർട്ടിയുടെ നേതാക്കൾക്കു തന്നെ ആത്മവിശ്വാസമില്ല. കഴിഞ്ഞ തവണ കിട്ടിയ സീറ്റെങ്കിലും നിലനിർത്തുന്നതിനു വേണ്ടിയാണ് ഭാരത യാത്രയും കൊണ്ട് അവരിപ്പോൾ ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ്സിന് കിട്ടിയ 15 ഉൾപ്പെടെ യു.ഡി.എഫിന് ലഭിച്ച 19 സീറ്റുകൾ കുറഞ്ഞാൽ ദേശീയ തലത്തിലാണ് കോൺഗ്രസ്സ് അഡ്രസ്സില്ലാതായി മാറുക. ഇത് ഭയന്നാണ് അവർ കൂടുതൽ ദിവസം ഭാരത യാത്രയെ കേരളത്തിൽ തളച്ചിട്ടിരിക്കുന്നത്. വല്ലാത്തൊരു ഗതികേടാണിത്.

“ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം” എന്ന മുദ്രാവാക്യം ഉയർത്തുന്ന കോൺഗ്രസ്സിൽ തന്നെ, ഒരുമ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണത്തിൽ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്നതിനാലാണ് തങ്ങൾ ഭാരത യാത്ര സംഘടിപ്പിച്ചതെന്നു പറയുന്ന കോൺഗ്രസ്സ് നേതൃത്വം ആ വെല്ലുവിളിയെ ചെറുക്കാൻ ആദ്യം പ്രചരണം നടത്തേണ്ടിയിരുന്നത് കാവി രാഷ്ട്രീയം അതിന്റെ ക്രൂരഭാവം കാണിച്ച സംസ്ഥാനങ്ങളിൽ ആവണമായിരുന്നു. അതു ചെയ്യാതെ കാവി രാഷ്ട്രീയത്തെ തുരത്തിയ ഇടതുപക്ഷ കേരളത്തിൽ ഈ യാത്രയ്ക്കായി കൂടുതൽ ദിവസം നീക്കിവച്ചത് ഭാരത യാത്രയുടെ ഉദ്ദേശ ശുദ്ധിയെ തന്നെയാണ് ബാധിക്കുക. അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. കേരളത്തിൽ ബി.ജെ.പിക്ക് ആകെ ഉണ്ടായിരുന്ന നിയമസഭാ സീറ്റ് പോലും പിടിച്ചെടുത്തത് ഇടതുപക്ഷമാണ്. സംഘ പരിവാറിനെതിരെ സി.പി.എം പ്രവർത്തകർ തെരുവിൽ പോരാടുമ്പോൾ പരിവാറുകാരെ സഹായിച്ച ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. അതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിക്ക് ഇക്കാര്യങ്ങൾ ഒന്നും അറിയില്ലങ്കിൽ ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുന്നത് നല്ലതായിരിക്കും.കേരളത്തെ സംബസിച്ച് തീർച്ചയായും ഒരു പ്രസക്തിയും ഇല്ലാത്ത മുദ്രാവാക്യമുയർത്തിയാണ് രാഹുലും സംഘവും ഇപ്പോൾ അതിർത്തി കടന്നിരിക്കുന്നത്. അതെന്തായാലും പറയാതിരിക്കാൻ വയ്യ

EXPRESS KERALA VIEW

Top