രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പുരില്‍ അനുമതിയില്ല

ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിലവില്‍ നിഷേധിച്ചിരിക്കുന്നത്. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.

സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. അനുമതിയുടെ വിഷയം പരിൊഗണനയിലുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രയ്ക്ക് മണിപ്പുര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും അറിയിച്ചു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് യാത്ര ആരംഭിക്കുമ്പോള്‍ മണിപ്പുര്‍ എങ്ങിനെ ഒഴിവാക്കാന്‍ സാധിക്കും. എന്ത് സന്ദേശമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്. മണിപ്പുരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ നേതൃത്വം നല്‍കുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. മണിപ്പുരില്‍ നിന്നും ആരംഭിക്കാനിരുന്ന യാത്ര 55 ദിവസം നീളും. മുംബൈയില്‍ മാര്‍ച്ച് 20-ന് സമാപിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന രണ്ടാംഘട്ട ഭാരതപര്യടനത്തില്‍ രാഹുലും സംഘാംഗങ്ങളും ദിവസം ശരാശരി 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top