ദേശീയ ഡോക്ടര്‍ ദിനത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നഴ്‌സുമാരുമായി സംവദിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ദേശീയ ഡോക്ടര്‍ ദിനത്തില്‍ കൊറോണ വൈറസ് മഹാമാരിയെ സംബന്ധിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നഴ്‌സുമാരുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും പ്രതിസന്ധിയില്‍ നഴ്‌സുമാരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

‘കോവിഡ് 19-ന്റെ ആരംഭത്തില്‍ ഇത് ലളിതമായ ഒരു പനി മാത്രമാണെന്ന് ഞങ്ങള്‍ കരുതി. ഗൗരവമായി ഇതിനെ തുടക്കത്തില്‍ എടുത്തിരുന്നില്ല. ഇറ്റലിയില്‍ നിന്നു മറ്റും മരണസംഖ്യ കുതിച്ചുയരുന്ന വാര്‍ത്തകള്‍ വന്നതോടെയാണ് കോവിഡിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത്.’ ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ ജോലി ചെയ്യുന്ന രാജസ്ഥാന്‍ സ്വദേശിയായ നരേന്ദ്ര സിങ് പറഞ്ഞു.

പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണിന്റെ കടുത്ത നയങ്ങള്‍ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സഹായിച്ചതായി ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ നഴ്‌സ് അനു രാഗ്‌നാറ്റ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു ജസിന്‍ഡ ആര്‍ഡേണിന്റെ മുദ്രാവാക്യമെന്നും അതിന് ഫലം ലഭിച്ചുവെന്നും അവര്‍ പങ്കുവെച്ചു.

അതേസമയം, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളം വെട്ടിചുരുക്കുന്നുവെന്നായിരുന്നു ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന മലയാളികൂടിയായ വിപിന്‍ കൃഷ്ണയ്ക്ക് പറയാനുള്ളത്. തനിക്കും ഭാര്യക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും തങ്ങളിപ്പോള്‍ ക്വാറന്റീനിലാണെന്നും വിപിന്‍ കൃഷ്ണ പറഞ്ഞു. സുഖം പ്രാപിച്ചാല്‍ മുന്നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.

ജൂലായ് അവസാനമാകുമ്പോഴേക്കും ഡല്‍ഹി കോവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷമാകുമെന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന സംബന്ധിച്ചും വിപിന്‍ കൃഷ്ണ രാഹുലുമായി സംസാരിച്ചു. അങ്ങനെ സംഭവിച്ചാല്‍ ബെഡുകളുടേയും മറ്റു ചികിത്സാ സൗകര്യങ്ങളുടേയും കുറവ് പ്രശ്‌നമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സിസോദിയയുടെ അനുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയില്‍ തങ്ങളുടെ പഠനങ്ങളും വീക്ഷണങ്ങളും നഴ്‌സുമാര്‍ രാഹുല്‍ഗാന്ധിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവാദത്തില്‍ പങ്കിട്ടു. കൈകള്‍ ശുചിയാക്കുന്നത് സംബന്ധിച്ചും ശരിയായ രീതിയില്‍ പിപിഇ കിറ്റുകള്‍ ധരിക്കേണ്ടത് സംബന്ധിച്ചും നഴ്‌സുമാര്‍ സംവാദത്തില്‍ ഊന്നല്‍ നല്‍കി. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരോട് വളരെയധികം കടപ്പാടുണ്ടെന്ന് രാഹുല്‍ഗാന്ധി അറിയിച്ചു. അവര്‍ പ്രതീക്ഷകള്‍ക്ക് പ്രചോദനം നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

Top