ഒരു ശതമാനം പോലും സാധ്യതയില്ല; രാഹുലിന്റെ രാജിയെക്കുറിച്ച് വീരപ്പ മൊയ്ലി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം.വീരപ്പമൊയിലി. അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നും നേതാവ് പറഞ്ഞു.

രാഹുലിന് പകരം മറ്റൊരു പേര് ആലോചിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തക സമിതി വീണ്ടും ഒരു യോഗം ചേരും. രാഹുലിന്റെ രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചില്ലെങ്കില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും വീരപ്പ മൊയ്ലി കൂട്ടിച്ചേര്‍ത്തു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പരാജയം നേരിട്ടതിന് പിന്നാലെ രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മേയ് 25 ന് ചേര്‍ന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. നേതാക്കള്‍ പലരും അധ്യക്ഷ സ്ഥാനം തുടരാന്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാഹുല്‍ തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

Top