രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം മൃദുഹിന്ദുത്വ സമീപനമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ബിജെപി മുസ്‌ലിം ലീഗിനെ ക്ഷണിക്കുന്നു. ബിജെപിയെ എതിര്‍ക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങള്‍ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്. രാഹുല്‍ കടലില്‍ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനേയും സിപിഎമ്മിനെയും കടന്നാക്രമിച്ചത്. സിപിഎമ്മിന്റെ കൊടിപിടിക്കുന്നവര്‍ക്കേ ജോലി ലഭിക്കൂ എന്നാണ് അവസ്ഥ. അല്ലാത്തവര്‍ നിരാഹാരം കിടന്ന് മരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വര്‍ണം കടത്താമെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുകയുണ്ടായി. പിന്നാലെയാണ് സിപിഎം രാഹുലിനെതിരെ പ്രതികരണവുമായി എത്തിയത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റിനെപ്പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ശംഖുമുഖം പ്രസംഗത്തില്‍ ബിജെപിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതിരുന്ന രാഹുല്‍ ഗാന്ധിക്ക്, ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതില്‍ സംഘപരിവാറിന്റെ അതേ ശബ്ദമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവെന്ന് വിമര്‍ശിച്ചിരുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Top