ഡൽഹി പോലീസിന്റെ നോട്ടീസിന് 10 ദിവസത്തിനുള്ളിൽ മറുപടി നൽകുമെന്ന് രാഹുൽ

ദില്ലി: ദില്ലി പൊലീസിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയുടെ. പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സമാനമായ ഒരു യാത്ര ഏതെങ്കിലും ഭരണകക്ഷി നേതാക്കൾ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുൽ പൊലീസിനോട് ചോദിച്ചു.

കഴിഞ്ഞ ജനുവരി മുപ്പതിന് ഭാരത് ജോ‍ഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കൂടിയിരിക്കുകയാണ് ദില്ലി പോലീസ്. രാവിലെ പത്തരയോടെ തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതി പൊലീസ് വളഞ്ഞു. പ്രസംഗത്തില്‍ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങള്‍, സംഭവം നടന്നത് എപ്പോള്‍? അവരെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസ് എടുത്തോ? തുടങ്ങിയ കാര്യങ്ങളാരാഞ്ഞ് രാഹുലിന് ഒരു ചോദ്യാവലി ദില്ലി പോലീസ് നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വീട്ടിലെത്തി മൊഴിയെടുക്കാനും ശ്രമിച്ചു.

രാഹുല്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അംഗബലം വര്‍ധിപ്പിച്ചും, കേന്ദ്ര സേനയെ ഒപ്പം കൂട്ടിയും ഇന്ന് ദില്ലി പൊലീസ് എത്തിയത്. പൊലീസ് വളഞ്ഞതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും, ദില്ലിയിലുള്ള എംപിമാരും രാഹുലിന്റെ വസതിയിലെത്തി. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചതിലുള്ള ഭീഷണിപ്പെടുത്തലാണെന്നും വഴങ്ങില്ലെന്നും അശോക് ഗലോട്ട് പ്രതികരിച്ചു.

Top