പ്രീണന രാഷ്ട്രീയമാണ് രാഹുലും പയറ്റുന്നത്, ഇന്ത്യയുടെ മനസ്സ് ഇനിയും അറിയാത്ത നേതാവ്

സ്വന്തം തട്ടകത്തിൽ മിന്നും വിജയം നേടിയതോടെ ബി.ജെ.പിയിൽ കൂടുതൽ കരുത്താർജിച്ച് നരേന്ദ്ര മോദി. 2024 – ൽ മൂന്നാം വട്ടവും അധികാരത്തിൽ വരാമെന്ന മോദിയുടെ സ്വപ്നത്തിനാണ് ഗുജറാത്ത് ഫലം ആത്മവിശ്വാസം നൽകിയിരിക്കുന്നത്. പാർട്ടിയിലെ രൂക്ഷമായ ഭിന്നതയും മോശം ഭരണവുമാണ് ഹിമാചൽ പ്രദേശ് ഭരണം കൈവിടാൻ കാരണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ബി.ജെ.പിയിലെ റിബൽ ശല്യവും ഹിമാചലിൽ തുണയായത് കോൺഗ്രസ്സിനാണ്. ഹിമാചൽ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിൻവാതിലിലൂടെ അധികാരം പിടിക്കാനാണ് ബി.ജെ.പി ഈ സംസ്ഥാനത്ത് ശ്രമിക്കുന്നത്. അധികാരത്തിനു വേണ്ടിയുള്ള തമ്മിലടി ഹിമാചലിലും തങ്ങൾക്ക് ഗുണമാകുമെന്നതാണ് ബി.ജെ.പി വിലയിരുത്തൽ.

അസംതൃപ്തരായ കോൺഗ്രസ്സ് നേതാക്കളെയും എം.എൽ.എ മാരെയും ലക്ഷ്യമിടാൻ ഒരു കോർ കമ്മിറ്റിയെ തന്നെ ഹിമാചൽ പ്രദേശിൽ ബി.ജെ.പി. നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. എല്ലാ എം.എൽ എ മാർക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ആകാൻ കഴിയാത്തതിനാൽ അസംതൃപ്തർ ബി.ജെ.പിയിൽ എത്താനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയുന്നതല്ല. അങ്ങനെ സംഭവിച്ചാൽ ദേശീയ തലത്തിൽ അത് വലിയ പ്രത്യാഘാതമാണ് കോൺഗ്രസ്സിന് ഉണ്ടാക്കുക.

2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം വേണമെന്ന ആവശ്യമാണ് കോൺഗ്രസ്സും നിലവിൽ ഉയർത്തുന്നത്. രാഹുൽ ഗാന്ധിയെ ഇപ്പോഴേ മുൻ നിർത്തിയില്ലങ്കിൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജരിവാൾ വരുമോ എന്നതാണ് കോൺഗ്രസ്സ് ഭയക്കുന്നത്. ഹിമാചൽ പ്രദേശിൽ ഭരണം പിടിച്ചത് തൽക്കാലം കോൺഗ്രസ്സിന് ആശ്വാസമാണെങ്കിലും കർണ്ണാടക ഉൾപ്പെടെ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ആയിരിക്കും യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ ഭാവി നിർണ്ണയിക്കുക.

ഭാരത് ജോഡോ യാത്ര നടത്തിയത് എത്രമാത്രം കോൺഗ്രസ്സിനു ഗുണം ചെയ്തു എന്ന് അറിയാനിരിക്കുന്നത് ഈ തിരഞ്ഞെടുപ്പുകളിൽ ആയിരിക്കും. പരമാവധി സംസ്ഥാനങ്ങളിൽ വിജയിച്ച് ബി.ജെ.പി.ക്ക് ബദൽ ഉയർത്തുക എന്ന രാഹുൽ പ്ലാൻ നടക്കണമെങ്കിൽ കർണ്ണാടകയിലും കോൺഗ്രസ്സ് ഭരണം പിടിക്കേണ്ടതുണ്ട്.

അവസാന നിമിഷം രാഹുൽ മാറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല. ഹിമാചൽ പ്രദേശിൽ കോൺഗ്രസ്സിന് ഭരണം ലഭിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതും പ്രിയങ്കയുടെ തന്ത്രങ്ങളാണ്. ഹിമാചല്‍ പ്രദേശിൽ 40 സീറ്റുകളാണ് കോണ്‍ഗ്രസ്‌ നേടിയത്. ബി.ജെ.പിയാകട്ടെ 25 സീറ്റുകളിലേക്ക്‌ ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ട് പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം വെറും 37,974 വോട്ടുകൾ മാത്രമാണ്.

അതായത് ശതമാനത്തില്‍ പറഞ്ഞാല്‍ 0.9% എന്നു തന്നെ പറയേണ്ടി വരും. സംസ്ഥാനത്ത് ആകെ പോള്‍ചെയ്തതില്‍ ഏകദേശം 18.52 ലക്ഷം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് ഏകദേശം 18.14 ലക്ഷം വോട്ടുകളാണ്. 43.90% വോട്ടുകൾ കോൺഗ്രസ്സിനും 43.00% ബി.ജെ.പിക്കും ലഭിച്ചപ്പോൾ കിട്ടിയ കണക്കുകളാണിത്.

ബി.ജെ.പിയേക്കാള്‍ 37,974 വോട്ട് മാത്രമേ കോണ്‍ഗ്രസ് നേടിയുള്ളുവെങ്കിലും, അതിലൂടെ 15 സീറ്റുകളിലാണ് അവര്‍ക്ക് അധികം ജയിക്കാനായത്. അതില്‍ത്തന്നെ എട്ടു സീറ്റുകളിൽ 2500-ൽ താഴെ വോട്ടുകൾ മാത്രമാണ് ഉള്ളത്. ഈ കണക്കുകൾ തന്നെയാണ് അട്ടിമറി സാധ്യതയും വർദ്ധിപ്പിക്കുന്നത്.

ഹിമാചൽ കൈവിട്ട ക്ഷീണത്തിലും വോട്ടിങ്ങ് ശതമാനത്തിലെ കണക്കുകൾ ബി.ജെ.പിക്ക് ആശ്വാസമായിട്ടുണ്ട്. 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ഊർജ്ജമാണ് ഗുജറാത്തിലെ തകർപ്പൻ വിജയവും ബി.ജെ.പിക്ക് നൽകുന്നത്. നരേന്ദ്ര മോദി ഗുജറാത്തിന്റെ മകൻ എന്ന തദ്ദേശീയ വാദവും ഗുജറാത്തിൽ വലിയ രീതിയിൽ മുതലെടുക്കാൻ ബിജെപിക്കായി. ആറ് തവണ തുടർച്ചയായി ബി.ജെ.പി ഭരിച്ചിട്ടും ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ഏശാതെ പോയത് ന്യൂനപക്ഷ വോട്ടുകൾ ഉൾപ്പെടെ ഭിന്നിച്ചു പോയതു കൊണ്ടു കൂടിയാണ്. കോൺഗ്രസ്സ് വോട്ട് ബാങ്ക് എ.എ.പിയാണ് ഭിന്നിപ്പിച്ചിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗം നടത്തുന്ന അസദുദ്ദീൻ ഒവൈസിയുടെ സാന്നിധ്യം ഭൂരിപക്ഷ വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ ബി.ജെ.പിയെയും ഏറെ സഹായിച്ചിട്ടുണ്ട്. ഇതിനു പുറമെ AAP യുടെ സാന്നിധ്യം കൂടി ആയപ്പോൾ ചരിത്ര ഭൂരിപക്ഷമാണ് ഗുജറാത്തിൽ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സംസ്ഥാനങ്ങളിൽ 2024 -ൽ കരുത്തോടെ മുന്നോട്ടു പോകാനാകുമെന്നതാണ് ഗുജറാത്തിലെ വിജയം കാവിപ്പടക്ക് നൽകിയിരിക്കുന്ന പ്രചോദനം.

ഉപതിരഞ്ഞെടുപ്പുകളിൽ യു.പിയിലെ രാംപൂർ ബീഹാറിലെ കുർഹാനി മണ്ഡലങ്ങളിലെ വിജയവും ബി.ജെ.പിക്ക് ആവേശം പകരുന്നതാണ്. നിതീഷും തേജസ്വി പ്രസാദ് യാദവും ഒന്നിച്ച് പൊതു സ്ഥാനാർത്ഥിയെ നിറുത്തിയിട്ടും ബി.ജെ.പിക്ക് കുർഹാനി മണ്ഡലത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. യുപിയിൽ 1980കൾക്ക് ശേഷം എസ്. പി നേതാവ് അസം ഖാനോ അദ്ദേഹത്തിന്റെ ബന്ധുക്കളോ മാത്രം ജയിച്ചിരുന്ന രാംപൂർ സീറ്റും ബി.ജെ.പി പിടിച്ചെടുത്തു. മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് ഇതെന്നതും നാം ഓർക്കണം.

വളരെ കുറച്ച് പോളിങ്ങ് മാത്രം നടന്ന മണ്ഡലം കൂടിയാണ് രാംപൂർ. ഉന്നത നേതൃത്വത്തിനു പോലും ഇടപെടാൻ പരിമിതികളുണ്ടായിരുന്ന ബി.ജെ.പിയിലെ ഗ്രൂപ്പുപോരാണ് ഹിമാചലിൽ തിരിച്ചടിച്ചതെന്ന കാര്യം. ആർ.എസ്.എസ് നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് ഗ്രൂപ്പ് പോര് അവസാനിപ്പിച്ചില്ലങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി. നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം അയോദ്ധ്യ ക്ഷേത്രം തുറന്നു കൊടുക്കുകയും ഏക സിവിൽ കോഡ് പോലുള്ള നയപരിപാടികൾക്ക് രൂപം നൽകുകയും ചെയ്ത ശേഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടാനാണ് ആർ.എസ്.എസ് നിർദ്ദേശം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി രംഗത്തിറങ്ങാൻ തന്നെയാണ് ആർ.എസ്.എസ് തീരുമാനം. ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പെടെ ഇടപെടാനും ആർ.എസ്.എസ് തയ്യാറാകുമെന്നാണ് സൂചന. മോദി പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം പൂർത്തിയാക്കിയാൽ അദ്ദേഹത്തെ പിന്നീട് രാഷ്ട്രപതി സ്ഥാനത്തേക്ക് ആർ.എസ്.എസ് കൊണ്ടുവന്നാലും അത്ഭുതപ്പെടണ്ടതില്ലന്നതാണ്. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത്.

EXPRESS KERALA VIEW

Top