ദേശീയപാത സമരം പത്താം ദിവസത്തിലേക്ക് ; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട് : ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ ബത്തേരിയിൽ നിരാഹാരം കിടക്കുന്നവരെ നേരിൽ കണ്ട്‌ പിന്തുണ നൽകാൻ വയനാട് എം.പി രാഹുൽ ഗാന്ധി ഇന്നെത്തും.

രാവിലെ ഒൻപത് മണിക്ക് സമരപന്തലിൽ എത്തുന്ന രാഹുൽ നിരാഹാര സമരമനുഷ്ടിക്കുന്ന യുവജന നേതാക്കളോടൊപ്പം 45 മിനുട്ട് ചെലവഴിക്കും. ആക്ഷൻകമ്മിറ്റിയുമായി ഭാവിപരിപാടികൾ ചർച്ച ചെയ്യും. ഇത് വരെ നടത്തിയ ഇടപെടലുകൾ സമരക്കാരെ ബോധ്യപ്പെടുത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടാകും.

കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും കൂടുതൽ ഉറപ്പുകൾ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്. ബത്തേരിയിലെ സന്ദർശനത്തിന് ശേഷം കലക്ടറേറ്റിൽ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. അതിന് ശേഷം ഡൽഹിക്ക് തിരിക്കും. രാഹുലിന്റെ സന്ദര്‍ശനത്തോടെ സമരത്തിന് ദേശീയ ശ്രദ്ധ കൈവരുമെന്നും സമര സമിതി കരുതുന്നു.

വനം വകുപ്പ് മന്ത്രി കെ. രാജുവും സമരപ്പന്തലിലെത്തുന്നുണ്ട്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്.

Top