രാഹുൽ പുതിയ തട്ടകത്തിലേക്ക്; എങ്കിൽ സമ്പൂർണ അഴിച്ചു പണിയെന്ന് പഞ്ചാബ്

മുംബൈ: പേരു മാറ്റിയെത്തിയിട്ടും കഴിഞ്ഞ സീസണിൽ തീർത്തും നിരാശപ്പെടുത്തിയ പഞ്ചാബ് കിങ്സ്, അടുത്ത സീസണിലെ മെഗാ താരലേലത്തിനു മുന്നോടിയായി ഒരു താരത്തേപ്പോലും നിലനിർത്തില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കെ.എൽ. രാഹുൽ പുതിയ തട്ടകം തേടുന്ന സാഹചര്യത്തിലാണ് ആരെയും നിലനിർത്തുന്നില്ലെന്ന തീരുമാനത്തിലേക്ക് പഞ്ചാബ് കിങ്സ് എത്തിയത്. രാഹുൽ അടുത്ത സീസണിൽ അരങ്ങേറ്റം കുറിക്കുന്ന ലക്നൗ ടീമിന്റെ നായകനാകുമെന്നാണ് വിവരം.

മറ്റു ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്താൻ തലപുകയ്ക്കുമ്പോഴാണ് എല്ലാവരേയും ഒറ്റയടിക്ക് കൈവിട്ടുകൊണ്ടുള്ള പഞ്ചാബ് കിങ്സിന്റെ വരവ്. ഒരാളേപ്പോലും നിലനിർത്തിയില്ലെങ്കിൽ മെഗാ താരലേലത്തിൽ 90 കോടി രൂപയും താരങ്ങളെ വിളിച്ചെടുക്കാൻ പഞ്ചാബിന് ഉപയോഗിക്കാം. പുതിയ സീസണിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം 30നു മുൻപ് കൈമാറണമെന്നാണ് ഐപിഎൽ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

പഞ്ചാബ് കിങ്സിന്റെ പ്രകടനം തീർത്തും മോശമായി തുടരുന്ന സാഹചര്യത്തിലാണ് അവരുടെ ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുൽ ഇത്തവണ പുതിയ തട്ടകം തേടുന്നത്. ഐപിഎലിലേക്ക് പുതുതായി എത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്ക് ലേലപ്പട്ടികയിൽനിന്ന് ലേലത്തിനു മുൻപേ ഇഷ്ടമുള്ള രണ്ടു താരങ്ങളെ വീതം തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ ഇവരിലാരെങ്കിലും രാഹുലിനെ സ്വന്തമാക്കാനാണ് സാധ്യത. ഇതിൽത്തന്നെ ലക്നൗ ടീം രാഹുലുമായി ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Top