ഷാരൂഖ് ഖാന് വേണ്ടി പണം വാരിയെറിഞ്ഞ് പഞ്ചാബ്; ഒൻപത് കോടിക്ക് ടീമിൽ!

ബംഗളൂരു: തമിഴ്‌നാട് യുവ താരം ഷാരൂഖ് ഖാന് വേണ്ടി കോടികള്‍ എറിഞ്ഞ് പഞ്ചാബ് കിങ്‌സ്. 20 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന താരത്തെ ഒന്‍പത് കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമില്‍ എത്തിച്ചത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തേവാത്തിയയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. താരത്തേയും ഒന്‍പത് കോടിക്കാണ് ഗുജറാത്ത് പാളയത്തിലെത്തിച്ചത്.

ബേബി എബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ഇന്ത്യന്‍സില്‍. 3 കോടി രൂപയ്ക്കാണ് ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച താരമായ ബ്രെവിസിനെ മുംബൈ ലേലം കൊണ്ടത്. 20 ലക്ഷം രൂപ ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും ലേലത്തില്‍ ആര്‍സിബി പങ്കെടുക്കുക പോലും ചെയ്യാതിരുന്നത് അത്ഭുതമായി.

പ്രിയം ഗാര്‍ഗിനെ 20 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ അഭിനവ് മനോഹറിനെ 2.60 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. ആന്ദ്രപ്രദേശ് ബാറ്റര്‍ അശ്വിന്‍ ഹെബ്ബാറിനെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. അസം ക്യാപ്റ്റന്‍ റിയന്‍ പരഗിനെ 3.80 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തി.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ കളിച്ച മഹാരാഷ്ട്ര താരം രാഹുല്‍ ത്രിപാഠി 8.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സിലെത്തി. പഞ്ചാബ് ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മയെ 6.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. മുന്‍ പഞ്ചാബ് കിംഗ്‌സ് താരവും മുംബൈ ബാറ്ററുമായ സര്‍ഫറാസ് ഖാന്‍ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെത്തി. യുപി ഓള്‍റൗണ്ടര്‍ ശിവം മവിയെ 7.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നിലനിര്‍ത്തി.

 

Top