Rahul, Sonia file appeal, take National Herald battle to Supreme Court

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയുല്‍ ഹര്‍ജി നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തങ്ങള്‍ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ, തന്റെ വാദം കേള്‍ക്കാതെ സോണിയക്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ട് പരാതിക്കാരനായ സുബ്രമണ്യം സ്വാമി സുപ്രീം കോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു. സ്വാമിയുടെ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു.

2015 ഡിസംബര്‍ 10ന് ഡല്‍ഹി കോടതി സോണിയയുടെയും രാഹുലിന്റെയും ഹര്‍ജി തള്ളുകയും വിചാരണ കോടതിക്കുമുന്‍പാകെ നേരിട്ട് ഹാജരാവാന്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം.

നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആരോപണം.

Top