രാഹുലിനെയും സോണിയയെയും പരിഹസിച്ച ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് വിവാദത്തില്‍. ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് എംഎല്‍എ പരാമര്‍ശം നടത്തിയത്.

”നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാരമൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അംഗീകരിക്കില്ല. രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കും. രാഹുലിന്റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണം. രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷവാനാണ്”-സുരേന്ദ്ര സിങ് പറഞ്ഞു.

സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേരുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഈ വാര്‍ത്ത നിഷേധിച്ച് സപ്ന ചൗധരി രംഗത്തെത്തിയിരുന്നു.

Top