കത്തിനു പിന്നില്‍ ബിജെപി; തെളിഞ്ഞാല്‍ രാജി വെയ്ക്കാമെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബി.ജെ.പി. ആണെന്ന് തെളിഞ്ഞാല്‍ രാജി വെയ്ക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

കപില്‍ സിബല്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ പറഞ്ഞു.

കത്തെഴുതാന്‍ തിരഞ്ഞെടുത്ത സമയത്തെയും രാഹുല്‍ വിമര്‍ശിച്ചു. സോണിയ ഗാന്ധി ആശുപത്രിയില്‍ കഴിയുമ്പോഴും രാജസ്ഥാനില്‍ പ്രതിസന്ധി നടക്കുമ്പോഴുമായിരുന്നു 23 നേതാക്കള്‍ കത്ത് എഴുതിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. യോഗത്തില്‍ ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ മന്‍മോഹന്‍ സിംഗ് സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടു.

Top