മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന് പാക്കപ്പ്

മ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭ്രമയുഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് 17 ന് ആരംഭിച്ച ചിത്രീകരണം 31 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കറ പിടിച്ച പല്ലുകളും നര കയറിയ താടിയും മുടിയുമൊക്കെയായി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സമീപകാലത്ത് വൈവിധ്യമാര്‍ന്ന സ്ക്രിപ്റ്റ് സെലക്ഷനിലൂടെയും പ്രകടനത്തിലൂടെയും വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രവും അത്തരത്തിലായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നേരത്തെ ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം. ഒരു ദുര്‍മന്ത്രവാദിയാണ് ഈ കഥാപാത്രമെന്നും നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ആണ് ഛായാ​ഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിം​ഗ് ജോതിഷ് ശങ്കർ.

ചിത്രത്തിന്റെ തിരക്കഥ താന്‍ വായിച്ചിരുന്നുവെന്നും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് ആസിഫിനെ ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം ആസിഫിന് ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടിവരികയായിരുന്നു.

Top