രാഹുലും പ്രിയങ്കയും ലഖിംപൂരില്‍; കര്‍ഷകരുടെ വീട്ടിലെത്തി, കേസെടുത്ത് സുപ്രീംകോടതി

ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂര്‍ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടിലെത്തി. കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയാണ് ഇരുവരുമിപ്പോള്‍. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിംഗിന്റെ വീട് സന്ദര്‍ശിക്കുന്നു.

അതേസമയം, ലഖിംപുര്‍ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ ഇന്നാണ് അനുമതി നല്‍കിയത്. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.

അതേസമയം, ലഖിംപുരിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ലഖ്‌നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Top