കോൺഗ്രസ്സിന്റെ ‘നെഞ്ചിൽ’ വിരിഞ്ഞ് താമര, ബി.ജെ.പിയ്ക്ക് വൻ നേട്ടം, മോദി തരംഗത്തിൽ രാഹുൽ ഔട്ട്

കോൺഗ്രസ്സിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഞായറാഴ്ച വോട്ടെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് തകർന്നടിഞ്ഞു കഴിഞ്ഞു. ഇനി മധ്യാപദേശ് , രാജസ്ഥാൻ , ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത് ബി.ജെ.പിയാണ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ്സ് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം, ഹിന്ദി ഹൃദയഭൂമിയിൽ നിന്നും കോൺഗ്രസ്സ് ഏതാണ്ട് പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിൽ ബി.ജെ.പിക്കും മോദിക്കും ബദലാകാൻ , കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും കഴിയില്ലന്നു കൂടി ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെ മാറ്റി നിർത്തി ഒറ്റയ്ക്ക് പരീക്ഷണത്തിന് മുതിർന്നതാണ് , കോൺഗ്രസ്സിന്റെ തോൽവിയുടെ കടുപ്പം വർദ്ധിപ്പിച്ചിരിക്കുന്നത്. സമാജ് വാദി പാർട്ടി – സി.പി.എം പാർട്ടികളെ അവഗണിച്ചതിനുള്ള തിരിച്ചടി കൂടിയാണിത്.

തെലങ്കാനയിൽ കോൺഗ്രസ്സിനെ തുണച്ചിരിക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് എതിരായ ഭരണവിരുദ്ധ വികാരമാണ്. അതും കൂടി ലഭിച്ചില്ലങ്കിൽ , കോൺഗ്രസ്സിന്റെ പരാജയം പൂർണ്ണമാകുമായിരുന്നു. അധികാര മോഹികളുടെ കൂടാരമായതിനാൽ ,
ഒരു വിഭാഗം കൂറുമാറുകയാണെങ്കില്‍ കോൺഗ്രസ്സിനു ഭൂരിപക്ഷം കിട്ടിയ
തെലങ്കാനയിൽ ഭാവിയില്‍ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല.

നിയമസഭാ തിരഞ്ഞെടുപ്പു ചിത്രം നൽകുന്ന സൂചന ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എല്ലാം , മോദിയെ ആണ് ബി.ജെ.പി ഉയർത്തിക്കാട്ടിയിരുന്നത്. നാലിൽ മൂന്നിലും വിജയം നേടിയതിനാൽ , കേന്ദ്രത്തിൽ ബി.ജെ.പിയുടെ മൂന്നാം ഊഴത്തിനുള്ള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്.

ഇനി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയ്ക്ക് ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കണമെങ്കിൽ പോലും , മറ്റു പ്രതിപക്ഷ കക്ഷികൾക്കു മുന്നിൽ വലിയ വിട്ടുവീഴ്ച കോൺഗ്രസ്സ് ചെയ്യേണ്ടി വരും. അതിന് കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും നിർബന്ധിതമാക്കുന്ന തിരഞ്ഞെടുപ്പ് ചിത്രമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മധ്യപ്രദേശ്

ബിജെപി –  164

കോൺഗ്രസ്സ് – 64

ബി.എസ്.പി-1

മറ്റുള്ളവർ -1

രാജസ്ഥാൻ

ബി.ജെ.പി-112

കോൺഗ്രസ്സ്-72

ഐ.എന്‍.ഡി-7

ബി.എസ്.പി-2

മറ്റുള്ളവർ-3

ചത്തിസ്ഗഡ്

ബി.ജെ.പി -55

കോൺഗ്രസ്സ് -32

സി.പി.ഐ-1

മറ്റുള്ളവർ -2

തെലങ്കാന

കോൺഗ്രസ്സ് -64

ബി.എച്ച്‌.ആർ.എസ് -40

ബി.ജെ.പി -8

സി.പി.ഐ-1

മറ്റുള്ളവർ -6

Top