കാവി ഭീകരതയെ കുറിച്ച് പ്രസംഗിക്കുന്നു; രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ

Amit-Shah

ലക്‌നൗ: കാവി ഭീകരതയെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രസംഗിച്ചു നടക്കുന്നതില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.

തീവ്രവാദ കേസുകളുമായി ബന്ധപ്പെടുത്തി ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സ് നടത്തുന്നതെന്നും അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ മുന്‍ നിര്‍ത്തിയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

‘നിങ്ങളുടെ നേതാക്കളെല്ലാം കാവി ഭീകരതയെ കുറിച്ച് പ്രസംഗിച്ച് നടന്നു. ഇതിന് നിങ്ങള്‍ മാപ്പ് പറയണം. ഇതാണ് ഞാന്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്’. അമിത് ഷാ പറഞ്ഞു. മാപ്പ് പറയാനായി എത്രനേരത്തേക്ക് കുമ്പിടാന്‍ സാധിക്കുമെന്ന് രാഹുല്‍ തന്നെ തീരുമാനിക്കട്ടെ എന്നും അമിത് ഷാ പരിഹസിച്ചു.

റായ്ബറേലിയെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് പുരോഗമനത്തിന്റെ പാതയിലെത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് രാഹുലിനെതിരേയുള്ള ഈ ആക്രമണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് റായ്ബറേലി. എന്നാല്‍,സ്വാതന്ത്ര്യാനന്തരം വികസനം അവിടേക്ക് എത്തിനോക്കിയിട്ടുപോലുമില്ല എന്നാണ് റായ്ബറേലിയില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ ആരോപിച്ചത്.

‘കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലിയെന്നും പരിവാര്‍വാദ്(കുടുംബാധിപത്യം) ആണ് ഇവിടുത്തെ വികസനമില്ലായ്മക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് റായ്ബറേലിയെ ബിജെപി വികസനത്തിന്റെ വഴിയേ നടത്തുമെന്ന് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടേക്ക് വന്നതെന്നും എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top