രാഹുല്‍ പ്രധാനമന്ത്രി പദത്തിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് മേനക ഗാന്ധി

ന്യൂഡല്‍ഹി; കോണ്‍ഗ്രസ്സ് ആദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മേനക ഗാന്ധി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നായിരുന്നു മേനകയുടെ പരാമര്‍ശം. പ്രിയങ്ക ഗാന്ധിക്ക് ജനങ്ങളുടെ പിന്തുണയില്ലെന്നും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും മേനക പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടിലും അമേഠിയിലും മത്സരിക്കുന്നതിനോട് അനുകൂല നിലപാടാണ് മേനക സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് രണ്ടോ അതിലധികമോ സീറ്റില്‍ മത്സരിക്കാമെന്ന് മേനക പറഞ്ഞു. താന്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ടു വട്ടവും വരുണ്‍ ഗാന്ധി ഒരു വട്ടവും സുല്‍ത്താന്‍പൂരില്‍ നിന്ന് ജയിച്ചുവെന്നും ഇക്കൊല്ലം താന്‍ ജയിക്കുമെന്നും അവര്‍ പറഞ്ഞു. എസ്പി ബിഎസ്പി സഖ്യത്തെ പേടിയില്ലെന്നും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മേനക പറഞ്ഞു.

റോബര്‍ട്ട് വദ്രക്കെതിരെ ഉണ്ടായ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അതു കൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ഇത്തവണ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Top