രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

വഞ്ചിയൂര്‍ കോടതിയാണ് രാഹുലിന്റെ ജാമ്യം തള്ളിയത്. സെക്രട്ടേറിയറ്റ് സമരത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവാണെങ്കിലും അദ്ദേഹം സമരത്തിന് നേതൃത്വം നല്‍കി മുന്നിലുണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ രാഹുല്‍ പൊലീസുകാരുടെ കഴുത്തിലും ഷീല്‍ഡിലും അടക്കം പിടിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോട്ടോകളും വിജിയോകളും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. നേതൃത്വം എന്ന നിലയില്‍ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഹുലിനുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ നാലാം പ്രതിയാണ് രാഹുല്‍. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റി. ഈ മാസം 22 വരെയാണ് റിമാന്റ്.

നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്.സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്‌തെങ്കിലും സര്‍ക്കാരിന് മുന്നില്‍ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

Top