യുവമോര്‍ച്ചക്കും ഡിവൈഎഫ്‌ഐക്കും ഒരേ ഭാഷയാണ്;രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവമോര്‍ച്ചക്കും ഡിവൈഎഫ്‌ഐക്കും ഒരേ ഭാഷയാണ്. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ ആശങ്കപ്പെടുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ 24നോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സംഘടന പരിശോധിക്കും. തിരസ്‌കരിക്കപ്പെട്ട വോട്ടുകള്‍ വ്യാജ വോട്ടുകള്‍ അല്ല. കൃത്യമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. പല പരാതികളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നല്ല സംഘടനയില്‍ നിന്നുള്ള പരാതി. ക്രമക്കേടെ സംബന്ധിച്ച തെളിവുകള്‍ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കില്‍ ദേശീയ നേതൃത്വത്തിന് ഹാജരാക്കാം. സംഘടനയുടെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പരിശോധിക്കും, പരിഹരിക്കും. ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റര്‍ ഷഹബാസ് വടേരി പരാതി നല്‍കിയത്. ക്രമക്കേടില്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.

Top