രാഹുലിന്റെ മാനസിക നില തെറ്റി; പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി പ്രള്‍ഹാദ് ജോഷി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും ബിജെപി വിമര്‍ശനം ഉന്നയിക്കുന്നു. ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി പെരുമാറുന്നത് ദൗര്‍ഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു.

മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സൈന്യത്തിന് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമായിരുന്നു. മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമര്‍ശനം. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

Top