വാജ്‌പേയിയുടെ സ്മാരകത്തിൽ രാഹുലിന്റെ പുഷ്പാർച്ചന; മോദിക്കുള്ള രാഷ്ട്രീയ സന്ദേശമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും എ.ബി. വാജ്‌പേയി ഉൾപ്പെടെയുള്ള മുൻപ്രധാനമന്ത്രിമാരുടെയും സ്മാരകങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് രാഹുൽ തിങ്കളാഴ്ച രാവിലെ എട്ട്‌ സമാധിസ്ഥലങ്ങൾ സന്ദർശിച്ചത്. മഹാത്മാഗാന്ധി (രാജ്ഘട്ട്), ജവാഹർലാൽ നെഹ്രു (ശാന്തിവൻ), ലാൽബഹാദൂർ ശാസ്ത്രി (വിജയ് ഘട്ട്), ഇന്ദിരാഗാന്ധി (ശക്തിസ്ഥൽ), രാജീവ് ഗാന്ധി (വീരഭൂമി), എ.ബി. വാജ്‌പേയി (സദൈവ് അടൽ), ചരൺസിങ് (കിസാൻ ഘട്ട്), ബാബു ജഗ്ജീവൻ റാം (സമതസ്ഥൽ) എന്നിവിടങ്ങളിലാണ് രാഹുൽ പുഷ്പാർച്ചന നടത്തിയത്.

ജോഡോയാത്ര ചെങ്കോട്ടയിൽ സമാപിച്ചശേഷം ശനിയാഴ്ച പരിപാടി നടത്താനായിരുന്നു തീരുമാനിച്ചത്. ചെങ്കോട്ടയിലെ പ്രസംഗം വൈകിയതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബി.ജെ.പി.യും സംഘപരിവാറും രാജ്യത്ത് വിദ്വേഷവും ഭീതിയും വിതയ്ക്കുന്നു എന്ന് ജോഡോയാത്രയിലുടനീളം പ്രസംഗിച്ച രാഹുൽ വാജ്‌പേയിയുടെ സ്മാരകം സന്ദർശിച്ചത് ബി.ജെ.പി.ക്കുള്ള രാഷ്ട്രീയസന്ദേശമായാണ് വിലയിരുത്തുന്നത്.നെഹ്രുവിനെ ഇപ്പോഴത്തെ ബി.ജെ.പി. നേതൃത്വം നിരന്തരം വിമർശിക്കാറുണ്ട്. നെഹ്രുവിനെ ബഹുമാനത്തോടെ കണ്ടിരുന്ന നേതാവാണ് വാജ്‌പേയി. ബി.ജെ.പി.യിലെ സൗമ്യമുഖമായ വാജ്‌പേയിയെ പിന്തുണയ്ക്കുകവഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാടിനെ പരോക്ഷമായി എതിർക്കാനാണ് രാഹുൽ ലക്ഷ്യമിടുന്നത്.

വാജ്‌പേയിയുടെ അനുയായികളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരെ കഴിഞ്ഞദിവസം ജയറാം രമേഷ് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുകയുംചെയ്തിരുന്നു. ഗാന്ധിജിയുടെയും മുൻപ്രധാനമന്ത്രിമാരുടെയും സ്മാരകങ്ങൾ സന്ദർശിച്ചു

Top