Rahul, Kejriwal detained as army veteran’s suicide triggers row

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദത്തിലേക്ക്.

സംഭവം കേന്ദ്രസര്‍ക്കാരിനെതിരായ പ്രചാരണത്തിന് ഉപയോഗിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

രാം കിഷന്‍ ഗ്രേവാള്‍ എന്ന വിമുക്ത ഭടനാണ് പ്രതിരോധമന്ത്രിക്കെതിരെ കത്തെഴുതിവെച്ച ശേഷം കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

ഒക്‌ടോബര്‍ 31 നായിരുന്നു ഗ്രേവാള്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം തങ്ങുകയും നവംബര്‍ 1 ന് ജന്തര്‍മന്ദറില്‍ പ്രതിഷേധത്തില്‍ പങ്കുചേരുകയും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെയും കാണാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാണാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു.

സൈനികന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ശ്രമം കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടേയും അനേകം നേതാക്കളെ ആര്‍ കെ പുരം പോലീസ് സ്‌റ്റേഷനില്‍ നാലു മണിക്കൂറോളം പോലീസ് തടഞ്ഞു വെച്ചു. അര്‍ദ്ധരാത്രിയോട് അടുത്താണ് ഇവരെ വെറുതേ വിട്ടത്.

ജനാധിപത്യ വിരുദ്ധ നടപടി എന്നായിരുന്നു സംഭവത്തോട് രാഹുലിന്റെ പ്രതികരണം. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ കാര്യത്തില്‍ പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കുകയാണെന്ന് കെജ്‌രിവാളും ആരോപിച്ചു.

സംഭവം ഏറ്റെടുത്ത് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Top