രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്നോട്ടില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി രാജിയാവശ്യം തള്ളിയെങ്കിലും രാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍ നിന്ന് മാറില്ലെന്നാണ് സൂചന. രാഹുലിന്റെ തീരുമാനത്തില്‍ ആദ്യം എതിര്‍പ്പറിയിച്ച സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോള്‍ രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രാഹുല്‍ഗാന്ധിക്ക് പകരം പ്രിയങ്കാഗാന്ധിയുടെ പേര് നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനായി ഗാന്ധി കുടുംബത്തില്‍പ്പെട്ടവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

എന്തായാലും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുകയുള്ളൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Top