മോദിയുടെ തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തം; വിമര്‍ശനവുമായ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറും മുന്‍പ് നടത്തിയ തൊഴില്‍ വാഗ്ദാനം ദേശീയദുരന്തമെന്ന വിമര്‍ശനവുമായ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി വാഗ്ദാനം ദേശീയ സാമ്പിള്‍ സര്‍വേ പുറത്ത് വന്നതോടെ ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ വിമര്‍ശിച്ചത്.

രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച്
രാഹുല്‍ രംഗത്തെത്തിയത്. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്ന് പോവുകയാണ്. ആറര കോടി യുവാക്കള്‍ 2017-18 ല്‍ മാത്രം തൊഴില്‍ രഹിതരായി. മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി. നരേന്ദ്ര മോദിയെന്ന ഫഹ്റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങള്‍ വന്നതോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രാഹുലിന് കാഴ്ചയില്ലാതായി മാറിയെന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

Top