ചട്ടലംഘനം നടത്തി ; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ആദിവാസികളെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തില്‍ മധ്യപ്രദേശിലെ ഷാദോളില്‍ നടത്തിയ പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയിലാണ് നോട്ടീസ്.

പൊലീസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിനു നരേന്ദ്ര മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുന്നു. എന്നിട്ട് പറയുന്നു ആദിവാസികളെ വെടിവച്ചു വീഴ്ത്താവുന്നതാണെന്ന് രാഹുല്‍ ഗാന്ധി ഏപ്രില്‍ 23ന് ഷാഡോളിലെ റാലിയില്‍ പറഞ്ഞതാണിത്.

പരാതിയില്‍ 48 മണിക്കൂറിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Top