വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ നാളെ വയനാട്ടില്‍; റോഡ് ഷോ നടത്തും

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് നന്ദി പറയാന്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും.

ഉച്ചയോടെ കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്ബൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്്ഷോ നടത്തും. ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയുണ്ട്.

തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് ഷോ ഞായറാഴ്ചത്തേക്ക് മാറ്റാന്‍ എസ്പിജി നിര്‍ദേശിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തമായാല്‍ റോഡ് ഷോയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് നേതാക്കള്‍.

Top