രാഹുലാണ് മാന്യതയുടെ രാഷ്ട്രീയം; മോദിക്ക് കണ്ടു പഠിക്കാം…

ന്യൂഡല്‍ഹി: സഭ്യതയുടെയും മാന്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് രക്തസാക്ഷിയായ പിതാവിനെയും മുത്തശിയെയും അപമാനിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാന്യതയുടെ സംസ്‌ക്കാരം കൈവിടാതെ രാഹുല്‍ഗാന്ധി.

നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചതുപോലെ തിരിച്ചു ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോദി തനിക്കെതിരെ വെറുപ്പുചൊരിഞ്ഞാല്‍ സ്നേഹം തിരികെ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷ രാഹുല്‍ഗാന്ധിയുടെ വാക്കുകളില്‍ രാജ്യം രാഷ്ട്രീയ മാന്യതയാണ് ദര്‍ശിക്കുന്നത്.

റാഫേല്‍ അഴിമതിയില്‍ ചൗക്കീദാര്‍ ചോര്‍ഹെ എന്ന രാഹുലിന്റെ രാഷ്ട്രീയ മുദ്രാവാക്യത്തെ പ്രതിരോധിക്കാന്‍ രാജ്യത്തിനുവേണ്ടി ചിതറി മരിച്ച രാഹുലിന്റെ പിതാവായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരണപ്പെടുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്നാണ് മോദി പ്രസംഗിച്ചത്.

ബൊഫേഴ്സ് അഴിമതിക്കേസില്‍ രാജീവ്ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കിയതാണ്. ഇന്ത്യ കാര്‍ഗില്‍ യുദ്ധം വിജയിച്ചത് രാജീവ് വാങ്ങിയ ബൊഫേഴ്സ് പീരങ്കികള്‍ കൊണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ സൈന്യം രാജീവിന് ജയ് വിളിച്ചത് ചരിത്രമാണ്. ഇന്ദിരാഗാന്ധിയെയും രാജീവിനെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിനെയും വരെ ആക്ഷേപിച്ചാണ് മോഡി പ്രസംഗിച്ചത്. അതേ നാണയത്തില്‍ മറുപടി നല്‍കാതെ നരേന്ദ്രമോദി ചെയ്തത് തിരികെ ചെയ്യില്ലെന്ന മാന്യതയാണ് രാഹുല്‍ ഉയര്‍ത്തിപ്പിടിച്ചത്.

മധ്യപ്രദേശിലെ ഉജ്ജയിനിലെ കോണ്‍ഗ്രസ് റാലിയിലാണ് രാഹുല്‍ മോദിക്ക് മറുപടി നല്‍കിയത്. മോദി അങ്ങേയറ്റം വെറുപ്പോടെയാണ് സംസാരിക്കുന്നത്. തന്റെ പിതാവിനെ മുത്തശിയെ മുതുമുത്തഛനെ വരെ അദ്ദേഹം അവഹേളിച്ചു. ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തിന്റെ മതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സംസാരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. മരിക്കേണ്ടി വന്നാലും അവരെ അവഹേളിക്കില്ലെന്നു വ്യക്തമാക്കി.

താന്‍ ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ അല്ല കോണ്‍ഗ്രസുകാരനാണ്. ‘മോദി തനിക്കെതിരെ വെറുപ്പ് ചൊരിഞ്ഞാല്‍ ഞാനദ്ദേഹത്തിന് സ്നേഹം തിരികെ നല്‍കുമെന്നാണ്’ രാഹുല്‍ പ്രഖ്യാപിച്ചത്.

മുമ്പ് പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷമായി പ്രസംഗിച്ച മോദിയെ പ്രസംഗത്തിനൊടുവില്‍ രാഹുല്‍ഗാന്ധി ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്തിരുന്നു. വിദേശ മാധ്യമങ്ങള്‍ വരെ രാഹുലിന്റെ സ്നേഹാലിംഗനം വാര്‍ത്തയാക്കിയിരുന്നു.

2002ലെ ഗുജറാത്ത് മുസ്ലിം വംശഹത്യയുടെ പാപക്കറ ചുമക്കുന്ന നേതാവാണ് നരേന്ദ്രമോദി. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മോദിയെ നീക്കാന്‍ തീരുമാനിച്ചപ്പോള്‍ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും രാജീ ഭീഷണി മുഴക്കിയാണ് എല്‍.കെ അദ്വാനി മോദിയെ സംരക്ഷിച്ചത്.

അദ്വാനിയെ വെട്ടി പ്രധാനമന്ത്രിയായ മോദി കേന്ദ്ര മന്ത്രിസഭയില്‍പോലും ഇടനല്‍കാതെ ക്രൂരമായി അവഗണിച്ചതിനു പിന്നാലെ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റുപോലും നല്‍കാതെ അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിനും അന്ത്യംകുറിക്കുകയായിരുന്നു.

എന്നാല്‍ പിതാവ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നളിനിയെ ജയിലില്‍ സന്ദര്‍ശിക്കാനും അവര്‍ക്ക് മാപ്പു നല്‍കാനും കാണിച്ച മഹാമനസ്‌കതയാണ് രാഹുലിനെയും പ്രിയങ്കയെയും മോദിയില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.

വിദ്വേഷത്തിന്റെ രാഷ്ട്രീയമല്ല സസ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും രാഷ്ട്രീയമാണ് ഇരുവരും പറയുന്നത്. വിദ്വേഷം വിതച്ച് വോട്ടുകൊയ്യാനുള്ള മോഡിയുടെ തന്ത്രത്തെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തുന്ന മറു തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. പപ്പു എന്നു വിളിച്ച് ആക്ഷേപിച്ചവര്‍പോലും രാഹുലിന്റെ രാഷ്ട്രീയ മാന്യത കണ്ട് കൈയ്യടിക്കുകയാണിപ്പോള്‍.

Top