മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു കൈ സഹായം

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കൊറോണ പ്രതിരോധത്തിനായി ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എപി അനില്‍ കുമാര്‍ എംഎല്‍എ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് രാഹുല്‍ ഗാന്ധി എം പി പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്. ജില്ലയില്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കലക്ടര്‍മാര്‍ക്ക് സാമഗ്രികള്‍ എത്തിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. കൂടുതല്‍ എം പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേല്‍ ഉടന്‍ മറുപടി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ കൊവിഡ് 19 മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകളും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു.

Top