വയനാടിനെ ‘അമേഠി’ ആക്കാതിരുന്നാൽ ഭാഗ്യം ! അത്രയ്ക്കും ദുരിതമാണ് അവിടം

വി.എസിനെ രാഹുല്‍ ഗാന്ധി അപമാനിച്ചപ്പോള്‍ മിണ്ടാതിരുന്ന ‘നിഷ്പക്ഷവാദികള്‍’ രാഹുലിനെതിരെ ദേശാഭിമാനിയില്‍ വന്ന ഒരു പരാമര്‍ശത്തില്‍ വിളറി പിടിക്കുന്നത് ഇരട്ട താപ്പാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് വിളറി പിടിക്കുന്നത് സ്വാഭാവികം, എന്നാല്‍ ഇതിന്റെ പേരില്‍ നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ അര്‍ഹിക്കുന്ന അവജ്ഞ്ഞതയോടെ തന്നെ തള്ളിക്കളയണം.എ.കെ.ജിയും വിഎസും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകളെ ആര്‍ക്കും എന്തും വിളിക്കാം, തങ്ങളുടെ നേതാവിനെതിരെ യാതൊരു പരാമര്‍ശവും പാടില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്.

രാഹുല്‍ വയനാട് ചുരം കയറിയത് ബി.ജെ.പിയുടെ താമര ഇതള്‍ പൊഴിക്കാനല്ല, മറിച്ച് അരിവാളിന്റെ മൂര്‍ച്ച പരിശോധിക്കാനാണ്. ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ അരിവാളിന്റെ പോറലേറ്റ് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് 30,000 ത്തോളം വോട്ടായി കുത്തനെ ഭൂരിപക്ഷം കുറഞ്ഞു എന്ന യാഥാര്‍ത്ഥ്യം രാഹുല്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇവിടെ സകല തീവ്രവാദ സംഘടനകളെയും കൂട്ടു പിടിച്ച് വിജയിക്കാനുള്ള ശ്രമം നാടിനു നല്‍കുന്നത് എന്തായാലും നല്ല സന്ദേശമല്ല.

സോളാറില്‍ കുരുങ്ങിയ നേതാക്കള്‍ക്ക് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിനെ പ്രഹരിക്കാനുള്ള ആയുധമാണെങ്കില്‍ രാഹുലിന് അത് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടമാണ്. രാജ്യത്ത് അല്‍പ്പമെങ്കിലും വിജയ പ്രതീക്ഷ ഉള്ളത് വയനാടാണെന്ന കണക്കുകൂട്ടലിലാണ് രാഹുല്‍ ചുരും കയറാന്‍ എത്തുന്നത്.ഇവിടെ നിന്നും ഇടിഞ്ഞ് വീണാല്‍ പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ നേതാവിന്റെ പൊടി പോലും കാണില്ല.

വയനാടിനെ സ്വര്‍ഗ്ഗ ഭൂമിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് രാഹുലിന്റെ വരവെങ്കില്‍ ഞങ്ങള്‍ അമേഠിയെ ഓര്‍മ്മിപ്പിക്കും. കാരണം അനവധി വര്‍ഷങ്ങളായി നെഹ്‌റു കുടുംബം കൈവശം വച്ചിരിക്കുന്ന ഈ മണ്ഡലം ഇന്നും ദാരിദ്രത്തിന്റെ പിടിയിലാണ്. വികസനം എത്താത്ത ഒരു പാട് ഗ്രാമങ്ങള്‍ ഈ മണ്ഡലത്തില്‍ ഇപ്പോഴും ഉണ്ട്. യു.പി.എ ഭരിച്ചപ്പോള്‍ പോലും ഈ മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കഴിഞ്ഞിട്ടില്ല.

വിരളമായ ആശുപത്രികളും സ്‌കൂളുകളും മാത്രമേ അമേഠിയില്‍ ഉള്ളു . തദ്ദേശ ജനതക്ക് വലിയ പ്രയോജനമില്ലാത്ത രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി പോലുള്ള സ്ഥാപനങ്ങള്‍ ഈ മണ്ഡത്തില്‍ ഉണ്ടെങ്കിലും ഇത് നോക്കി വെള്ളമിറക്കാനേ ഇവിടുത്തെ വിശക്കുന്നവയറുകള്‍ക്ക് കഴിയൂ. ദേശീയ പാതകള്‍ ഒഴികെയുള്ള റോഡുകളുടെ അവസ്ഥയും അതി ദയനീയമാണ്. സ്വച്ഛ് ഭാരതം അത്ര സ്വേച്ഛമല്ലെന്ന് തെളിയിക്കുന്നതാണ് റോഡിന്റെ വശങ്ങളിലിരുന്ന് കുട്ടികള്‍ വിസര്‍ജജിക്കുന്ന കാഴ്ചകള്‍. എല്ലാ വീടുകള്‍ക്കും ശുചി മുറി നല്‍കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

ജില്ലാ ആശുപത്രി കണ്ടാല്‍ തന്നെ ആരോഗ്യരംഗത്തെ അവസ്ഥയും പ്രകടമാകും. കേരളത്തിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പോലും വലുപ്പമില്ലാത്ത കെട്ടിടമാണിത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളെല്ലാം ഈ ഒറ്റക്കെട്ടിടത്തിലാണ്. പ്രസവമുറിക്കടുത്താണ് ആയുര്‍വേദ വിഭാഗം.സി.ടി സ്‌കാന്‍ സൗകര്യം ഇവിടെ എത്തിയത് പോലും സ്ഥലം എം.പി രാഹുല്‍ അറിഞ്ഞിട്ടില്ല. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നേരിട്ടെത്തിയാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്ത് പോയത്.

നെഹറു കുടുംബത്തിന്റെ മഹത്വം കൊണ്ട് മാത്രം വിജയിക്കാമെന്ന രാഹുലിന്റെ കണക്കു കൂട്ടലുകള്‍ പിഴക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ അമേഠിയില്‍ കാണുന്നത്. ഇവിടെ ആകെയുള്ള 5 നിയമസഭ സീറ്റില്‍ 4ലും ബി.ജെ.പിയാണ് വിജയിച്ചത്, ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും. മണ്ഡലത്തെ തിരിഞ്ഞ് നോക്കിയില്ലങ്കില്‍ പണികൊടുക്കുമെന്ന ജനങ്ങളുടെ ഈ മുന്നറിയിപ്പ് തന്നെയാണ് രാഹുലിനെ വയനാട് ചുരം കയറ്റിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ വിജയിച്ചാല്‍ അവിടം സ്വര്‍ഗ്ഗമാക്കും കേരളത്തിലേക്ക് സഹായ പ്രവാഹം ഒഴുകും എന്നൊക്കെ പ്രചരിപ്പിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

യു.പിയില്‍ തന്നെ എസ്.പി ബി.എസ്.പി സഖ്യത്തിന് വിഘാതം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. ഒറ്റക്ക് 73 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് കാവിപടയെ ആണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്. അമേഠിയിലും റായ്ബറേലിയിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു എങ്കില്‍ കെട്ടിവച്ച കാശ് അമ്മക്കും മകനും കിട്ടുമായിരുന്നുവോ എന്ന് സോണിയയും രാഹുലും തിരിച്ചറിയണമായിരുന്നു.ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും മതേതര ചേരിയുടെ ഭിന്നതക്ക് കാരണവും കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ മൂലമാണ്.

സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയ്ക്ക് വിരുദ്ധമായ നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചതാണ് ബംഗാളിലെ ധാരണ പൊളിച്ചത്. മഹാരാഷ്ട്രയില്‍ കര്‍ഷക സമര വിളഭൂമിയില്‍ പോലും ഒരു സീറ്റു വിട്ട് നല്‍കാന്‍ തയ്യാറായതുമില്ല. ചുവപ്പിന് ശക്തമായ ആധിപത്യമുള്ള ഈ മേഖലകളില്‍ ധാരണ ഉണ്ടായിരുന്നു എങ്കില്‍ കാവി പടയെ നിഷ്പ്രയാസം തുരത്താന്‍ കഴിയുമായിരുന്നു.

പഞ്ചാബിലും ഡല്‍ഹിയിലും ഹരിയാനയിലും ശക്തമായ സ്വാധീനമുള്ള ആം ആദ്മി പാര്‍ട്ടിയെ തഴഞ്ഞതും ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു പിടിച്ചാണ് ഇപ്പോള്‍ രാഹുലും കോണ്‍ഗ്രസ്സും മതേതര ചാമ്പ്യന്‍മാരാവാന്‍ ശ്രമിക്കുന്നത്. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യ തൂത്ത് വാരാന്‍ കഴിയുമെന്നാണ് അവകാശവാദം. സോണിയ ഗാന്ധി കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ മത്സരിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ എട്ടു നിലയില്‍ പൊട്ടിയ ചരിത്രം ഓര്‍മ്മിക്കാതെയാണ് ഈ അവകാശവാദം.

Top