രാഹുൽ വയനാട് ചുരം കയറുന്നത് അമേഠി ചതിക്കുമെന്ന ഭയത്തിലെന്ന് . . .

രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ ദയനീയാവസ്ഥ പ്രകടമാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ അരങ്ങേറ്റ വാര്‍ത്ത. ഒരു പെണ്ണിനെ പേടിച്ച് ഒളിച്ചോടി വയനാട്ടിലെത്തിയ നേതാവാണ് രാഹുല്‍ എന്ന് എതിരാളികള്‍ പരിഹസിക്കുമ്പോള്‍ അതിനെ ലാഘവത്തോടെ മാത്രം തള്ളികളയാന്‍ കഴിയുന്നതല്ല. പരമ്പരാഗതമായി നെഹ്‌റു കുടുംബം മത്സരിക്കുന്ന യു.പി യുടെ മണ്ണ് ഇത്തവണ ചതിക്കുമെന്ന് രാഹുല്‍ ഗാന്ധി പോലും ചിന്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയില്‍ രാഹുലിന്റെ എതിരാളി. ഇനി റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയാ ഗാന്ധി കൂടി കേരളത്തിലെത്തിയാല്‍ എല്ലാം പൂര്‍ത്തിയാകും. കാരണം രാജ്യത്ത് ഉറപ്പായും വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു മണ്ഡലവും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സിനില്ല. ഉത്തരേന്ത്യയില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ പോലും ആ ഉറപ്പ് കുറവാണ്. അത് കൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരണത്തിലുള്ള കര്‍ണ്ണാടക പോലും വിട്ട് രാഹുല്‍ കേരളത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്.

യു.പിയില്‍ എസ്.പി – ബി.എസ്.പി സഖ്യത്തോട് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ്സിന് ഉള്ളത്. അമേഠിയിലും റായ് ബററിയിലും എസ്.പി – ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലങ്കിലും ഇവിടെയും കോണ്‍ഗ്രസ്സ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സാക്ഷാല്‍ പ്രിയങ്കക്ക് പോലും സഹോദരനെയും അമ്മയെയും രക്ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഈ മണ്ഡലങ്ങളില്‍ ബാക്കിയാണ്. ഏഴ് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസ്സ് ചെയ്ത സഹായം പാരയായാണ് എസ്.പി- ബി.എസ്.പി സഖ്യം വിലയിരുത്തിയത്. ഇക്കാര്യം മായവതിയും അഖിലേഷും പരസ്യമായി തന്നെ വ്യക്തമാക്കുകയുമുണ്ടായി. യു.പിയില്‍ ബി.ജെ.പിയും എസ്.പി – ബി.എസ്.പി സഖ്യവുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.

തിരഞ്ഞെടുപ്പ് വിധിക്കു ശേഷം പ്രധാനമന്ത്രി പദം തുന്നി നില്‍ക്കുന്നവരില്‍ മായാവതിയും മമതയും, പവാറും മുതല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വരെയുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് പരമാവധി സീറ്റും വമ്പന്‍ ഭൂരിപക്ഷത്തിന് രാഹുലിന് വിജയവും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അനിവാര്യമാണ്. അല്ലാത്തപക്ഷം പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് അനുസരിച്ച് തീരുമാനമെടുക്കേണ്ടി വരും. മൂന്നാം ചേരിയെ പിന്തുണക്കാന്‍ നിര്‍ബന്ധിതമാകുന്ന ഈ സാഹചര്യം ഒഴിവാക്കാനാണ് രാഹുലിന്റെ ഇപ്പോഴത്തെ ശ്രമം. അതിനാണ് വയനാട്ടിലേക്ക് വെച്ച് പിടിച്ചിരിക്കുന്നത്.

വയനാടിന്റെ ഭൂമി ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പ്രത്യേകത തുണക്കുമെന്നതാണ് രാഹുലിന്റെ പ്രതീക്ഷക്ക് അടിസ്ഥാനം. ഒരു പാര്‍ട്ട് ടൈം എം.പി വയനാട്ടില്‍ നിന്നു വേണമോ എന്ന ചോദ്യത്തിന് ഭാവി പ്രധാനമന്ത്രിയാണ് ഇവിടെ മത്സരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മറുപടി. ഈ ഭാവി പ്രധാനമന്ത്രി പദം ചര്‍ച്ചയാക്കി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ തകിടം മറിക്കാമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതീക്ഷ. തമ്മില്‍ തല്ലും പാരവയ്പും മൂലം ശ്രദ്ധേയമായ വയനാട്ടില്‍ കെ.പി.സി.സി മുന്‍പ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ടി. സിദ്ധിഖിനെ ഐ ഗ്രൂപ്പ് അംഗീകരിച്ചിരുന്നില്ല. ഈ ഉടക്ക് മറ്റു മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്ന ഗ്രൂപ്പ് വഴക്കിലേക്കാണ് നീണ്ടിരുന്നത്. സങ്കീര്‍ണ്ണമായ ഈ സാഹചര്യം മറികടക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

രാഹുല്‍ എഫക്ടില്‍ കേരളം തൂത്ത് വരാമെന്ന പ്രതീക്ഷ യു.ഡി.എഫ് നേതൃത്വത്തിനുമുണ്ട്. എന്നാല്‍ ഇത് അതിമോഹമാണെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ കോ-ലീ-ബി സഖ്യത്തിന് നേതൃത്വം നല്‍കാനാണോ രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ ചോദ്യം. വടകര മുതല്‍ നിരവധി മണ്ഡലങ്ങളില്‍ അപ്രധാനമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പി … കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി നീക്കങ്ങള്‍ നടത്തുന്നതായാണ് സി.പി.എം ആരോപിക്കുന്നത്. കോ-ലീ-ബി സഖ്യം എന്ന പ്രചരണം വ്യാപകമാക്കി മുഖ്യമന്ത്രി പിണറായി വിജയനടക്കുള്ളവര്‍ യു.ഡി.എഫിനെ കടന്നാക്രമിച്ചതോടെ പ്രതിപക്ഷം പ്രതിരോധത്തിലായിരുന്നു.

കേരളത്തില്‍ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ച മുന്‍ തൂക്കത്തില്‍ അഹങ്കരിച്ച യു.ഡി.എഫിനെ വലിയ പ്രതിരോധത്തിലാക്കുന്ന ആരോപണമായിരുന്ന കോ-ലീ-ബി സഖ്യമെന്നത്. കാറ്റ് ഇടത്തോട്ട് തിരിയുമെന്ന ആശങ്കയുള്ള ഉമ്മന്‍ ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതൃത്വം ഈ പ്രചരണങ്ങളെ അതിജീവിച്ച് വിജയിക്കാന്‍ ഇനി രാഹുലിനെയാണ് രക്ഷകനായി കാണുന്നത്. അതായത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രകടനത്തില്‍ ഇനി രാഹുലിനും ഉത്തരവാദിത്വമുണ്ടെന്നര്‍ത്ഥം.


ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രിയ കുരുട്ട്ബുദ്ധി കൂടി രാഹുലിന്റെ വരവിന് പിന്നിലുണ്ട്. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നേട്ടമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉമ്മന്‍ചാണ്ടി നേടിയത്. വയനാട്ടില്‍ നിര്‍ത്തിയ തന്റെ അനുനായി സിദ്ധിഖിന് എതിരായി പടനീക്കം നയിച്ചവര്‍ക്ക് മറുപടി കൊടുക്കാനും ഹൈക്കമാന്റില്‍ സൂപ്പര്‍ പവര്‍ ആകാനും ഉമ്മന്‍ ചാണ്ടിക്ക് ഇനി കഴിയും. കേരളത്തില്‍ ഒരു ഭരണമാറ്റം എന്ന സ്വപ്നം നിറവേറിയാല്‍ മുഖ്യമന്തി കസേര സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലക്കിട്ടുള്ള പണി കൂടായാണ് രാഹുലിനെ കൂട്ടിപിടിച്ചുള്ള ഈ തന്ത്രപരമായ നീക്കം.

Top