Rahul Gandhi’s warning for groups

ന്യൂഡല്‍ഹി: യുഡിഎഫ് എംഎല്‍എമാരും എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ നിന്ന് വിട്ട്‌നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടിയില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നിലപാടിനെതിരെയും സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തിയ ധര്‍ണ്ണയുടെ ഉദ്ദേശ്യശുദ്ധി തന്നെ ഉമ്മന്‍ചാണ്ടിയുടെ പിന്‍മാറ്റത്തോടെ നഷ്ടമായതായാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

സമരത്തിനല്ല മറിച്ച് ഉമ്മന്‍ചാണ്ടി വരാതിരുന്നതിനാണ് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുത്തത് എന്നത് കെപിസിസി നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ‘കേന്ദ്രങ്ങള്‍’ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി കഴിഞ്ഞു.

വയനാട്ടിലെ ഐഎന്‍ടിയുസി നേതാവായിരുന്ന പികെ ഗോപാലന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് ഡല്‍ഹിക്ക് വരാതിരുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തിലും നേതൃത്വം തൃപ്തരല്ല. ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത യോഗമാണ് സമരപരിപാടി തീരുമാനിച്ചതെന്നതിനാലാണിത്.

അതേസമയം ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരുന്നത് ഡിസിസിസി പുന:സംഘടനയിലുള്ള അതൃപ്തി കൊണ്ടാണെന്ന പ്രചരണം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുന:സംഘടനയില്‍ ഇനി എന്ത് സംഭവിച്ചാലും പുന:പരിശോധനയില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ച് കഴിഞ്ഞതിനാല്‍ ഇനി ഒരുമാറ്റവും ഉണ്ടാവില്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്കാണ് ചുമതല കൈമാറിയിരിക്കുന്നതെന്നുമാണ് വാദം.

ഉമ്മന്‍ചാണ്ടിയെ പോലെ വളരെ സീനിയറായ ഒരു നേതാവ് പുന:സംഘടനയില്‍ പ്രതിഷേധിച്ചാണ് സമരത്തിനെത്താതിരിക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ഇതിനിടെ ഡിസിസി പുന:സംഘടനയില്‍ തങ്ങള്‍ക്കുള്ള അതൃപ്തി ‘എ’ വിഭാഗം നേതാക്കള്‍ ഇതിനകം തന്നെ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോടാണ് നേരിട്ട് പരാതി പറഞ്ഞത്. ഇനി നടക്കാനിരിക്കുന്ന മറ്റ് ഭാരവാഹികളുടെ കാര്യത്തിലെങ്കിലും പരിഗണന കിട്ടണമെന്നതാണ് ആവശ്യം.

ഡിസിസി മാതൃകയില്‍ തന്നെ ഗ്രൂപ്പ് നോക്കാതെ പുന:സംഘടന പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നത് കേരളത്തിലെ ഗ്രൂപ്പുകളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നേതാക്കള്‍ക്ക് ആവശ്യമായ പദവി നല്‍കിയില്ലെങ്കില്‍ സുധീര പക്ഷത്തേക്ക് കൂറ് മാറാനുള്ള സാധ്യതയും ഗ്രൂപ്പ് നേതൃത്വം കാണുന്നുണ്ട്. അത് ഒഴിവാക്കാനാണ് അവസാന വട്ടശ്രമമത്രെ.

സംഘടനാ തിരഞ്ഞെടുപ്പ് വൈകാതെ നടത്തണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും ഗ്രൂപ്പ് മാനേജര്‍മാരുടെ ഉറക്കം കെടുത്തുന്നുണ്ട്.

ഡിസിസി പുന:സംഘടന ഗ്രൂപ്പ് പരിഗണന വച്ചല്ല നടത്തിയതെന്നും അതുകൊണ്ട് തന്നെ പ്രതിഷേധത്തില്‍ കഴമ്പില്ലെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശി പിടിച്ച് അടുത്ത ആളുകളെ മത്സരിപ്പിച്ചത് പോലെ പാര്‍ട്ടി പുന:സംഘടനയിലും പിടിവാശി വിജയിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നാണ് രാഹുല്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതേസമയം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ മുന്‍എംഎല്‍എ പിസി വിഷ്ണുനാഥിന് ദേശീയതലത്തില്‍ എന്തെങ്കിലും ചുമതല നല്‍കുന്നതിനെക്കുറിച്ച് ഹൈക്കമാന്റ് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതല്ലെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കാനാണ് നീക്കം.

Top