രാജ്യത്തെ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല,​ ഹിന്ദി വിവാദത്തില്‍ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്ത് ഹിന്ദി ഉപയോഗം വ്യാപകമാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തുള്ള വിവിധ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഒരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയും അമിത് ഷായുടെ ആഹ്വാനം തള്ളി രംഗത്തെത്തിയിരുന്നു. രാജ്യത്ത് എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണെന്നും കര്‍ണാടകയെ സംബന്ധിച്ചിടത്തോളം കന്നടയാണ് മുഖ്യഭാഷയെന്നും യെദിയൂരപ്പ വ്യക്തമാക്കി.

Top