ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വില 41, 257 രൂപ; ആരോപണമുയര്‍ത്തി ബിജെപി

ഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടീഷർട്ടിന്റെ പേരിൽ വിവാദം മുറുക്കി ബിജെപി. നാൽപത്തി ഒന്നായിരത്തിലേറെ രൂപ വിലവരുന്ന ടീ ഷർട്ട് ആണ് രാഹുൽ ധരിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് ‘ ഭാരതം നോക്കൂ ‘ എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ട്വീറ്റ്.

ടീഷർട്ട് ധരിച്ച രാഹുലിന്റെ ചിത്രവും, ഓൺലൈൻ സ്റ്റോറിൽ വില കാണിക്കുന്ന ടീഷർട്ടിന്റെ ചിത്രവും സഹിതമാണ് ബിജെപി യുടെ ആരോപണം. ഭാരത് ദേഖോ എന്ന പേരിൽ ക്യാമ്പയിനും ബിജെപി ആരംഭിച്ചു. നരേന്ദ്രമോദിയുടെ കോട്ടിനെതിരെ രാഹുൽ ഗാന്ധിനടത്തിയ സ്യൂട്ട് ബൂട്ട് ക സർക്കാർ ആരോപണമടക്കം ബിജെപി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഇതിന് മറുപടിയായി ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടും 1.5 ലക്ഷത്തിന്റെ കണ്ണാടിയും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് തിരിച്ചടിച്ചു. വിലക്കയറ്റത്തേക്കുറിച്ചും തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാമെന്ന് ടാഗ് ചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ മറുപടി. ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുൽ വസ്ത്രം വാങ്ങുന്നതെന്നും കോൺഗ്രസ് വിശദീകരിച്ചു.

Top