രാഹുല്‍ഗാന്ധിയുടെ ലോക്‌സഭയിലെ പരാമര്‍ശം; അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. സഭയെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുലിനെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കി. ബിജെപി എംപി നിഷികാന്ത് ദുബൈയാണ് അവകാശലംഘന നോട്ടീസ് നല്കിയത്. രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവഹേളിച്ചുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിന്റെ ഉപകരണങ്ങളാകുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ചൈനയും പാകിസ്ഥാനും ഒന്നിക്കാനുള്ള അവസരം ഉണ്ടാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുലിന്റെ നിലപാട് തള്ളി കേന്ദ്ര മന്ത്രിമാര്‍ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വന്നതിന്റെ ചരിത്രം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചപ്പോള്‍, കോടതിയോട് രാഹുല്‍ മാപ്പു പറയണമെന്നായിരുന്നു നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണം.

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി തിങ്കളാഴ്ചയാണ്. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് നരേന്ദ്ര മോദി പ്രതികരിക്കും എന്ന സൂചനയാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. ഇതിനിടെ പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് പരിശോധിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ സമ്മതിച്ചു

 

Top