രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പുനപ്പരിശോധിക്കണം; പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതി.

സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പത്രികയുടെ സൂക്ഷ്മ പരിശോധന നേരത്തെ നീട്ടിവച്ചിരുന്നു.

അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അമേഠിയില്‍ ഇത് വരെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടില്ല. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പത്രിക സ്വീകരിക്കാതിരുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

Top