ദേശീയ പണിമുടക്ക്; കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ദേശീയ പണിമുടക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.

മോദി – അമിത് ഷാ ഭരണം ജനവിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍ രംഗം വന്‍ ദുരന്തമാക്കുകയാണെന്നും ഇത് പൊതുമേഖല സ്ഥാപനങ്ങളെ ദുര്‍ബ്ബലമാക്കി വിറ്റുതുലയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുകയാണ്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി -ജെ, കെടിയുസി -എം, ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒ, എച്ച്എംകെപി, ജെടിയു എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്.

കെ.എസ്.ആര്‍.ടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ ഓട്ടോകളും ടാക്‌സികളും ഓടുന്നില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലുണ്ട്. പലയിടത്തും സമരാനുകൂലികള്‍ ജോലിക്കെത്തിയവരെ തടഞ്ഞു. വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ പൊലീസ് വാഹനത്തില്‍ സ്ഥാപനങ്ങളില്‍ എത്തിച്ചു. പ്രധാനകേന്ദ്രങ്ങളിലെല്ലാം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

Top