അവസാന ലാപ്പിൽ ആ കള്ള പ്രചരണം കോൺഗ്രസ്സിനെതിരെ തിരിച്ച് ബി.ജെ.പി

കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതിയും സമ്മതിച്ചെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞത് പ്രചരണായുധമാക്കി നരേന്ദ്രമോദിയും ബി.ജെ.പിയും.

ഇനി മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന 169 ലോക്‌സഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് രാഹുലിന്റെ മാപ്പും പൗരത്വ പരാതിയും ബി.ജെ.പി പ്രധാന തെരഞ്ഞെടുപ്പായുധമാക്കുന്നത്.

നരേന്ദ്രമോദി രാജ്യത്തിന്റെ കാവല്‍ക്കാരനായി സ്വയം അവതരിപ്പിച്ചപ്പോള്‍ റാഫേല്‍ ആയുധ ഇടപാടിലെ അഴിമതി ഉയര്‍ത്തിക്കാട്ടി ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യമാണ് രാഹുലും കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നത്.

ഇതിനെതിരെ പ്രതിരോധിക്കാന്‍ ‘മേം ഭി ചൗക്കിദാര്‍’ എന്ന മറുപടിയുമായാണ് ബി.ജെ.പിയും പ്രചരണം നടത്തിയത്. ചൗക്കീദാര്‍ പ്രചരണം ചൂടുപിടിച്ചതോടെയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞു എന്ന വിവാദ പ്രസംഗവുമായി രാഹുല്‍ രംഗത്തെത്തിയത്. ഇതിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കിയതോടെയാണ് രാഹുല്‍ഗാന്ധി പ്രതികൂട്ടിലായത്.

സംഭവത്തില്‍ രാഹുലിന്റെ ഖേദ പ്രകടനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെയാണ് രാഹുല്‍ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. തങ്ങളുടെ ഉത്തരവില്‍ എവിടെയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്നു പറഞ്ഞിട്ടുള്ളതെന്നു ചോദിച്ച സുപ്രീം കോടതി രാഹുല്‍ഗാന്ധിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

മോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണെന്നു പറഞ്ഞ രാഹുലിനെകൊണ്ട് സുപ്രീം കോടതിയില്‍ മാപ്പുപറയിക്കാനായെന്ന നേട്ടമാണ് മോദിക്കും ബി.ജെ.പിക്കും ഇതോടെ ലഭിച്ചത്. ഈ നേട്ടം വരുന്ന 169 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് കാവിപ്പട ഇപ്പോള്‍ നടത്തുന്നത്.

മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴത്തിന് നിര്‍ണായകമാണ് ഈ ലോക്‌സഭാ മണ്ഡലങ്ങള്‍. കഴിഞ്ഞ തവണ 169 സീറ്റില്‍ 118ലും ബി.ജെ.പിയാണ് വിജയിച്ചത്. എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് 10 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിനാവട്ടെ ഏഴു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, ബീഹാര്‍, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ മണ്ഡലങ്ങൡലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇവയില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സരമാണ് നടക്കുന്നത്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യവും ഇരുപാര്‍ട്ടികള്‍ക്കുമെതിരെ ത്രികോണമത്സരത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പ്രതിരോധത്തിലാക്കാനായത് ബി.ജെ.പിയെ സംബന്ധിച്ച് നേട്ടമാണ്.

സുപ്രീംകോടതിയിലെ മാപ്പപേക്ഷക്കു പിന്നാലെ രാഹുലിന്റെ പൗരത്വവും പ്രധാന വിഷയമാക്കി ബി.ജെ.പി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സാമി നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണോ എന്ന് രണ്ടാഴ്ചക്കകം വെളിപ്പെടുത്താന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാഹുല്‍ഗാന്ധി ഡയറക്ടറായി 2003ല്‍ യു.കെയില്‍ ബാകോപ്‌സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. 2005ലും 2006ലും കമ്പനി നല്‍കിയ വാര്‍ഷിക വരുമാന രേഖയില്‍ രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമാണെന്നാണ് രേഖപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017ലാണ് രാഹുലിനെതിരെ സുബ്രഹ്മണ്യം സാമി പരാതി നല്‍കിയത്.

നേരത്തെ സോണിയ ഗാന്ധിയുടെ പൗരത്വവും ബി.ജെ.പി പ്രചരണായുധമാക്കിയിരുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഇറ്റലിക്കാരിയായ സോണിയ ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുത്‌ എന്ന പ്രചരണം ബി.ജെ.പി ഉയര്‍ത്തി. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഭാര്യയായ സോണിയ ഇന്ത്യക്കാരിയാണെന്ന മറുവാദവുമായി കോണ്‍ഗ്രസും തിരിച്ചടിച്ചിരുന്നു.

വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദമേല്‍ക്കാതെ മന്‍മോഹന്‍സിങനിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് യു.പി.എ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു സോണിയ. സോണിയക്കെതിരെ ഉയര്‍ത്തിയ അതേ ആരോപണം രാഹുലിനെതിരെയും ഉയര്‍ത്തികൊണ്ടുവരികയാണിപ്പോള്‍ ബി.ജെ.പി.

ബി.ജെ.പിയുടെ ആരോപണം തികഞ്ഞ വിഢിത്തമാണെന്നും രാഹുല്‍ ജന്‍മനാ ഇന്ത്യന്‍ പൗരനാണെന്ന് ലോകമറിയുന്ന സത്യമാണെന്നും സഹോദരി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്. ഏതു രാഹുല്‍ഗാന്ധിയാണ് സത്യമെന്നു ചോദിച്ചാണ് ബി.ജെ.പിയുടെ പ്രചരണം.

രാഹുല്‍ ലണ്ടന്‍വാലയോ അതോ ല്യൂടന്‍സ് വാലയോ എന്നതായിരുന്നു ബി.ജെ.പി വക്താവ് സംബിത് പത്രയുടെ ചോദ്യം. ഇതിനിടെ മഹാരാഷ്ട്രയിയെ ഗട്ചിറോളിയലുണ്ടായ സ്‌ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ പാര്‍ട്ടികളെയാകെ ഞെട്ടിച്ചിട്ടുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുള്‍പ്പെടെ ആക്രമണത്തില്‍ 16 പേരാണ് മരിച്ചിരിക്കുന്നത്.

സൈനികര്‍ സഞ്ചരിച്ച വാഹനം കുഴിബോബ് സ്‌ഫോടനത്തിലൂടെ മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. മോവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഈ ആക്രമണമെന്നാണ് ബിജെപിയുടെ ആരോപണം. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top