നെഹ്റു കുടുംബത്തോട് ഗുഡ് ബൈ പറഞ്ഞ് അമേഠി, ഞെട്ടി ഹൈക്കമാന്റ്

നെഹ്‌റുകുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ രാഹുല്‍ഗാന്ധി പരാജിതനായി. രാഹുല്‍ ഇനി വയനാടിന്റെ മാത്രം എം.പി. എന്നും നെഹ്‌റുകുടുംബത്തെ പിന്തുണച്ച പാരമ്പര്യമാണ് ഇത്തവണ അമേഠി കൈവിട്ടത്.

ഏതു പ്രതിസന്ധിയിലും നെഹ്‌റു കുടുംബത്തെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുന്ന രാജീവ്ഗാന്ധിയും സോണിയയും സഞ്ജയ്ഗാന്ധിയും വിജയിച്ച അമേഠിയിലാണ് രാഹുല്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ തവണത്തെ പരാജയത്തിന് ഇത്തവണ വിജയംകൊണ്ട് മധുരപ്രതികാരം വീട്ടുകയായിരുന്നു.

വയനാട്ടില്‍ നാലേകാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതുമാത്രമാണ് രാഹുലിന് ആശ്വാസമായത്. അമേഠിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്.പി- ബി.എസ്.പി മഹാസഖ്യം പിന്തുണച്ചിട്ടും രാഹുല്‍പരാജയപ്പെട്ടത് കോണ്‍ഗ്രസിന് വലിയ തരിച്ചടിയാണ്. സഹോദരി പ്രിയങ്കയും മാതാവ് സോണിയയും പ്രചരണത്തില്‍ നിറഞ്ഞിട്ടും രാഹുലിന്റെ പരാജയം കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലും ശോകമൂകമാക്കിയിരിക്കുന്നു. അമേഠിയിലെ തോല്‍വി അംഗീകരിച്ച് സ്മൃതി ഇറാനിയെ രാഹുല്‍ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.

അമേഠിയില്‍ 2009തിലെ രാഹുലിന്റെ 3,70,198 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ സ്മൃതി ഇറാനി 1,07903 വോട്ടാക്കി കുറച്ചിരുന്നു.

അമേഠിയില്‍ പരാജയപ്പെട്ട സ്മൃതി ഇറാനിയെ രാജ്യസഭാ അംഗമാക്കി നരേന്ദ്രമോഡി കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷം അമേഠിയില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തനമാണ് സ്മൃതി നടത്തിയത്. ജയിച്ച എം.പിയേക്കാള്‍ തോറ്റ സ്മൃതിയാണ് അമേഠിക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. ഇതു വോട്ടിലൂടെ ശരിവെക്കുകയായിരുന്നു അമേഠിയിലെ ജനങ്ങളും.

1967ല്‍ രൂപം കൊണ്ട ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലം നെഹ്‌റുകുടുംബത്തിന്റെ മണ്ഡലമായാണ് അറിയപ്പെട്ടത്. അമേഠിയുടെ പരിധിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴും ലോക്‌സഭയിലേക്ക് നെഹ്‌റുകുടുംബാംഗങ്ങളെ ലക്ഷങ്ങളുടെ വോട്ടിന് വിജയിപ്പിക്കുന്ന പാരമ്പര്യമാണ് അമേഠിക്കുണ്ടായിരുന്നത്.

1977ല്‍ അടിയന്തിരാവസ്ഥക്കു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയിലെ രവീന്ദ്രപ്രതാപ് സിങും 98ല്‍ ബി.ജെ.പിയിലെ സഞ്ജയ് സിങും മാത്രമാണ് ഇതുവരെ അമേഠിയില്‍ വിജയിച്ച കോണ്‍ഡഗ്രസ് ഇതര എം.പിമാര്‍. 1980തില്‍ സഞ്ജയ്ഗാന്ധിയായിരുന്നു അമേഠിയുടെ എം.പി. ഒന്നേകാല്‍ലക്ഷം വോട്ടിനാണ് ജനതാപാര്‍ട്ടിയില്‍ നിന്നും അമേഠി കോണ്‍ഗ്രസിനുവേണ്ടി സഞ്ജയ് ഗാന്ധി പിടിച്ചത്.

വിമാനാപകടത്തില്‍ സഞ്ജയ് മരണപ്പെട്ടതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ പിതാവ് രാജീവ്ഗാന്ധി മൂന്നുലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ശ്രീപെരുമ്പത്തൂരില്‍ എല്‍.ടി.ടി.ഇയുടെ മനുഷ്യബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന 1991വരെ രാജീവ്ഗാന്ധിയായിരുന്നു അമേഠിയുടെ എം.പി.

84ല്‍ രാജീവ് ഭൂരിപക്ഷം 4,46,289 വോട്ടായി വര്‍ധിപ്പിച്ചു. 89തിലും ഭൂരിപക്ഷം 4.25 ലക്ഷത്തിലെത്തി. 91ല്‍ 3.76 ലക്ഷം വോട്ടും നേടി തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്. 1998ല്‍ ബി.ജെ.പി 23270 വോട്ടിനു അമേഠിയില്‍ വിജയം നേടിയെങ്കിലും 99തില്‍ രാജീവിന്റെ വിധവ സോണിയ ഗാന്ധിയെ അമേഠി മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിലേക്കയച്ചത്. 2004മുതല്‍ 2019വരെ രാഹുല്‍ഗാന്ധിയായിരുന്നു അമേഠിയുടെ എം.പി . അമേഠി കൈവിട്ടതോടെ രാഹുല്‍ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പിയായി മാറുകയാണ്.

വയനാട്ടില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയില്‍ ലീഗ് പതാക ഉയര്‍ന്നതിനെ വര്‍ഗീയമായാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ആക്ഷേപിച്ചത്. രാഹുല്‍ഗാന്ധി ഹിന്ദു ഭൂരിപക്ഷമേഖലയില്‍ നിന്നും ന്യൂനപക്ഷം ഭൂരിപക്ഷമായി മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന് മോഡി ആരോപിച്ചു.

രാഹുല്‍ഗാന്ധി മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോ എന്നു പരിഹസിച്ചു അമിത്ഷാ. ഈ പരിഹാസങ്ങള്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വയനാട്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് വയനാട് രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ചത്. രാഹുല്‍തരംഗത്തില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 എണ്ണവും യു.ഡി.എപ് വിജയിച്ചു. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍പോലും കഴിഞ്ഞതുമില്ല.


Express Kerala View

Top