ഇത്തവണ അധികാരത്തിൽ കയറാൻ കഴിഞ്ഞില്ലെങ്കിൽ നെഹ്റു കുടുംബം ഇനി ?

രൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സാഹചര്യങ്ങളും കണക്കുകളും പ്രതിപക്ഷത്തിന് അനുകൂലമാണ്. നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള ഭൗതിക സാഹചര്യം രാജ്യത്ത് നിലവിലുണ്ട്.

എന്നാല്‍ അത് എത്ര മാത്രം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് സാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും ഭാവി.പ്രതിപക്ഷത്തിന്റെയാകെ ഭാവി എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഇനി ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലനില്‍പ്പു തന്നെ പ്രതിപക്ഷത്തെ സംബന്ധിച്ച് ദുഷ്‌കരമാകും

ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന് ഭരണം പോയത് ജനങ്ങള്‍ ചുവപ്പിന്റെ ശത്രുവായത് കൊണ്ടായിരുന്നില്ല, ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചത് കൊണ്ടാണ്. തുടര്‍ച്ചയായി ഭരണം നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രതിഭാസം ഒരിക്കല്‍ പ്രകടമാകുക തന്നെ ചെയ്യും.

ജനങ്ങളുടെ ഈ ചിന്താഗതിക്ക് ശക്തി പകരാന്‍ ഭരണപക്ഷത്തിന്റെ നിലപാടുകളും സ്വാഭാവികമായും ഒരു ഘടകമാണ് .നിലവില്‍ രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഭരണത്തിലില്ല എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഗുണം ചെയ്യുന്ന ഘടകമാണ്. അടുത്തയിടെ അധികാരത്തില്‍ വന്ന മധ്യപ്രദേശിലും രാജ്യസ്ഥാനിലും ബി.ജെ.പി വിരുദ്ധ വികാരം ഇപ്പോഴും നില നിര്‍ത്താന്‍ കഴിഞ്ഞാലും കോണ്‍ഗ്രസിന് അത് നേട്ടമാകും.

ബി.ജെ.പി കുത്തകയാക്കി വച്ച ഗുജറാത്തില്‍ പോലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലും ഭരണപക്ഷത്തിനെതിരായ ജനവികാരം വോട്ടായാല്‍ അത് കോണ്‍ഗ്രസ്സ് – എന്‍.സി.പി സഖ്യത്തിനാകും ഗുണം ചെയ്യുക.

കേരളത്തില്‍ നിന്നും ബഹു ഭൂരിപക്ഷം സീറ്റും കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഇവിടെ ഇടതുപക്ഷം നേട്ടമുണ്ടാക്കിയാലും അത് ഉറപ്പായും കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ ചേരിയായിരിക്കും. കര്‍ണ്ണാടകയില്‍ മുഴുവനല്ലെങ്കിലും പകുതിയെങ്കിലും ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന് പ്രതീക്ഷിക്കാവുന്നതാണ്. ബീഹാറില്‍ ഭരണവിരുദ്ധ വികാരം വോട്ടായാല്‍ ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യം തൂത്ത് വരും.

തമിഴ് നാട്ടിലും സ്ഥിതി മറിച്ചല്ല ഇവിടെ കോണ്‍ഗ്രസ്സ് ഉള്‍പ്പൈട്ട ഡി.എം.കെ മുന്നണി തൂത്ത് വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒറീസയില്‍ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ പോലെ തന്നെ ബി.ജെ.പിക്കും അവകാശപ്പെട്ടതാണ്.

യു.പിയില്‍ ഒറ്റ സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ പോലും അഖിലേഷിനെ കൂടെ നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് നിഷ്പ്രയാസം കഴിയും. കാരണം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അവര്‍.ആന്ധ്രയില്‍ കോണ്‍ഗ്രസ്സിന് വലിയ റോളൊന്നും ഇല്ലങ്കിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ വിചാരിച്ചാല്‍ കൂടെ നിര്‍ത്താന്‍ പറ്റും. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ആന്ധ്ര തൂത്ത് വാരുമെന്നാണ് അഭിപ്രായ സര്‍വേ.

കോണ്‍ഗ്രസ്സ് നേതാവ് കൂടിയായിരുന്ന മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ്സിനോട് പകയില്ലന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജശേഖര റെഡ്ഡിയുടെ മരണത്തോടെ ആ കുടുംബത്തോട് കോണ്‍ഗ്രസ്സ് നേതാക്കള്‍ കാട്ടിയ അവഗണനയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജഗനെ പ്രേരിപ്പിച്ചിരുന്നത്.

ബംഗാളിലെ തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ പിന്തുണ കേന്ദ്രത്തില്‍ യു.പി.എ മുന്നണിക്ക് എന്‍.ഡി.എക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ ഉണ്ടാകും. അല്ലങ്കില്‍ മമതയും മറുകണ്ടം ചാടും. കൂറു മുന്നണി ഉണ്ടാക്കാനും അവര്‍ ശ്രമിക്കും. തെലങ്കാനയില്‍ നേട്ടം കൊയ്യുമെന്ന് കരുതുന്ന ടി.ആര്‍.എസിന്റെ അവസ്ഥയും ബി.എസ്.പിയുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.

കാശ്മീര്‍ മുതല്‍ പരിശോധിച്ചാല്‍ ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മിക്കതിലും കോണ്‍ഗ്രസ്സിനും യുപിഎക്കും ശുഭ പ്രതീക്ഷ നല്‍കുന്ന പലഘടകങ്ങളുമുണ്ട്.

ഇവിടങ്ങളില്‍ എത്ര കാര്യക്ഷമമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഇടപെട്ടു എന്നതിനെ ആശ്രയിച്ചായിരിക്കും കേന്ദ്രത്തിലെ സാധ്യത. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാതിരുന്നത് വലിയ പിഴവാണ്. ഇവിടങ്ങളില്‍ ബി.ജെ.പി നേട്ടം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് മാത്രം ആയിരിക്കും ഉത്തരവാദി.

ഇടതുപക്ഷത്തിനും ആം ആദ്മി പാര്‍ട്ടിക്കും എത്ര സീറ്റുകള്‍ കിട്ടിയാലും അത് മുഴുവന്‍ മതേതര സര്‍ക്കാറിനുള്ള പിന്തുണയായിരിക്കും. ഇത്രയും അനുകൂല സാഹചര്യം കേന്ദ്രത്തില്‍ പ്രതിപക്ഷ ചേരിക്കും കോണ്‍ഗ്രസ്സിനും ഉണ്ടായിട്ടും നേട്ടം കൊയ്യാന്‍ കഴിയുന്നില്ലങ്കില്‍ അതിന് വലിയ വില തന്നെ രാഹുല്‍ ഗാന്ധി കൊടുക്കേണ്ടി വരും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുക. പ്രിയങ്കക്ക് ചുമതലയുള്ള യു.പി യില്‍ ദയനീയ പരാജയം നേരിട്ടാല്‍ അവരെ ഉയര്‍ത്തിക്കാട്ടുന്നതും പിന്നീട് പ്രയാസകരമാകും. ചുരുക്കി പറഞ്ഞാല്‍ നെഹറു കുടുംബത്തിന്റെ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. തന്നെ കള്ളനെന്ന് വിളിച്ചതിലുള്ള പക നെഹ്‌റു കുടുംബത്തോട് മോദി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രിയങ്കയുടെ ഭര്‍ത്താവിന് കാരാഗ്രഹവും ഉറപ്പാണ്.

സംഘടനാ രംഗത്ത് കോണ്‍ഗ്രസ്സിനുള്ള പിഴവും പ്രതിപക്ഷത്തെ ഭിന്നിപ്പിലുമാണ് ബി.ജെ.പിയുടെ സകല പ്രതീക്ഷയും. ഉറപ്പിച്ച് തൂത്ത് വരുമെന്ന് ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് പോലും ഒരു സംസ്ഥാനമില്ല. മഹാരാഷ്ട്ര, യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പോലും പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ട്.

എന്നാല്‍ രാഷ്ട്രീയത്തില്‍ കണക്കുകള്‍ക്കും മീതെ തന്ത്രങ്ങളിലാണ് കാവിപ്പടയുടെ പ്രതീക്ഷ. ഏറ്റവും വലിയ ഒറ്റകക്ഷിയാവുക, യു.പി.എയുടെ ഒപ്പമുള്ള ഘടകകക്ഷികളെ ഉള്‍പ്പെടെ ഒപ്പം നിര്‍ത്തുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത് .മായാവതിയും മമതയും വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയും ചന്ദ്രശേഖരറാവുവുമെല്ലാം ബിജെപിയുടെ നോട്ടപ്പുള്ളികളാണ്. കോണ്‍ഗ്രസ്സിനും ഈ കക്ഷികളെ കൂടെ നിര്‍ത്താന്‍ സ്വന്തം അംഗ സംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതും അനിവാര്യമാണ്.

Express Kerala View

Top