കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണം; റിസര്‍വ് ബാങ്കിനോട് രാഹുല്‍

ന്യൂഡല്‍ഹി: കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയമാണ്. പ്രളയത്തില്‍ ഉണ്ടായ വിളനാശവും മറ്റു നാശനഷ്ടങ്ങളും മൂലം കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. നാണ്യവിളകള്‍ക്ക് ആഗോള വിപണിയിലുണ്ടായ വിലയിടിവും കര്‍ഷകരെ ബാധിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കാര്‍ഷിക കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകള്‍ നടത്തുന്ന കര്‍ശനമായ നടപടികളുടെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഡിസംബര്‍ 31 വരെ മോറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതി തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

Top