രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനിരിക്കെ ശക്തി പ്രകടനത്തിനൊരുങ്ങി കോണ്‍ഗ്രസ്.

പ്രതിപക്ഷത്തിന്‍റെ തളർത്താൻ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉയോഗിക്കുന്നതില്‍ പ്രതിഷേധിച്ച്‌ രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മണിക്കാം ടാഗോര്‍ അറിയിച്ചു.

അതിനുപുറമെ നാളെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്ന രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അനുഗമിക്കും. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടി കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്ന് മണിക്കാം ടാഗോര്‍ ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നേരത്തെ സമന്‍സ് അയച്ചിരുന്നു. എന്നാല്‍, കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയ സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വ‍്യാഴാഴ്ചയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാഹുല്‍ ഗാന്ധിയോട് ജൂണ്‍ 13ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇ.ഡി നിര്‍ദേശിച്ചത്. നേരത്തെ, ജൂണ്‍ രണ്ടിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദേശത്തായതിനാല്‍ സമയം നീട്ടി നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിനാധാരമായ സംഭവം.

Top