വയനാട്ടിലേക്ക് തിരിച്ച കപ്പൽ ‘ടൈറ്റാനിക്ക്’ കാവി പടയെ പേടിച്ച് സ്വയം തകരുമോ ?

ടുക്കടലില്‍ ചുറ്റി തിരിയുന്ന കപ്പലിന്റെ അവസ്ഥയിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കോണ്‍ഗ്രസ്സ്. ഇത്തവണയെങ്കിലും അവര്‍ക്ക് കര പറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൈറ്റാനിക്കിന്റെ അവസ്ഥയിലാകും. യു.പി.എ മുന്നണി തന്നെ മുങ്ങി പോകും.

കാവി പടയെ തുരത്തി അധികാരത്തിലേറുക എന്ന ദൗത്യത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥത കോണ്‍ഗ്രസ്സിന് ഉണ്ട് എന്ന കാര്യത്തിലുള്ള സംശയം ഊട്ടി ഉറപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. മോദിയല്ല, പിണറായിയാണ്, കമ്യൂണിസ്റ്റുകളാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ശത്രു എന്ന സന്ദേശം രാജ്യത്ത് നല്‍കുവാനേ ഈ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുകയൊള്ളൂ.

അമേഠി ചതിക്കുമെന്ന് ഭയന്നായാലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി ആയാലും ഈ വരവ് ദേശീയ തലത്തില്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ഇനി ബി.ജെ.പിക്ക് രാഹുലിനെയും കോണ്‍ഗ്രസ്സിനെയും കടന്നാക്രമിക്കാന്‍ കൂടുതല്‍ എളുപ്പമാകും. അതിനുള്ള അവസരമാണ് രാഹുലിന്റെ ഈ സ്ഥാനാര്‍ത്ഥിത്വം. യഥാര്‍ത്ഥത്തില്‍ മോദിയെ വീണ്ടും അധികാരത്തിലേറ്റാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് പോലെയാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ഇപ്പാഴത്തെ പ്രവര്‍ത്തനങ്ങള്‍. അത് ഓരോ സംസ്ഥാനങ്ങളിലെയും നിലപാടുകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തവുമാണ്.

മതനിരപേക്ഷ പാര്‍ട്ടികളുമായി പരസ്പര ധാരണ ഉണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും യു.പി.എയും പരാജയപ്പെട്ടത് ഫലത്തില്‍ ബി.ജെ.പിക്കാണ് ഏറെ ഗുണം ചെയ്യുക. യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി, ബീഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന് വിഘാതമായത് പ്രധാനമായും കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ മൂലമാണ്.

കനയ്യകുമാര്‍ എന്ന ഒരു കമ്യൂണിസ്റ്റിനെ പേടിച്ചാണ് ആര്‍.ജെ.ഡി കോണ്‍ഗ്രസ്സ് സഖ്യം ബീഹാറില്‍ ഇടതുപക്ഷത്തെ അകറ്റി നിര്‍ത്തിയത്. കര്‍ഷക സമരങ്ങളിലൂടെ മഹാരാഷ്ട്രയുടെ മണ്ണില്‍ ഇതിഹാസം രചിച്ച സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ ഐതിഹാസിക സമരം മറന്ന് ഇവിടെയും കോണ്‍ഗ്രസ്സ് – എന്‍.സി.പി സഖ്യം തനി നിറം കാട്ടി.ബംഗാളില്‍ സിറ്റിംങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണ കോണ്‍ഗ്രസ്സ് തെറ്റിച്ചതോടെ അവിടെയും സഖ്യം തകര്‍ന്നു. ഇടതുപക്ഷം ഒറ്റക്കാണ് ബംഗാളില്‍ മമതയുടെ തൃണമൂലുമായി ഏറ്റുമുട്ടുന്നത്.

ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും ആ പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ഒരു ധാരണയ്ക്കും കോണ്‍ഗ്രസ്സ് തയ്യാറായില്ല. അഴിമതി പാര്‍ട്ടി ആണെന്ന് അറിഞ്ഞിട്ടും ബി.ജെ.പിയെ തുരത്താന്‍ എന്ന ഒറ്റ കാരണം മുന്‍ നിര്‍ത്തിയാണ് ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയുമെല്ലാം കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറായിരുന്നത്.

യുപിയില്‍ ബി.എസ്.പി-എസ്.പി സഖ്യത്തിനെതിരെ ഏഴ് സീറ്റുകളില്‍ ഒഴികെ 73 സീറ്റുകളിലും മത്സരിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. ബി.ജെ.പിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി മറികടക്കാന്‍ മാത്രമേ ഈ നിലപാടും സഹായകരമാവുകയൊള്ളൂ എന്നതാണ് നിലവിലെ അവസ്ഥ. പ്രിയങ്ക ഗാന്ധിയുടെ വണ്‍മാന്‍ ഷോ വഴി കോണ്‍ഗ്രസ്സ് പിടിക്കുന്ന വോട്ടുകള്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ സാധ്യതകള്‍ക്കു മേലാണ് കരിനിഴല്‍ വീഴ്ത്തുന്നത്.

sp bsp

ഇതിനു പുറമെയാണ് കൂട്ടത്തോടെ കോണ്‍ഗ്രസ്സ് ജനപ്രതിനിധികളും നേതാക്കളും ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. ആകെ മൊത്തത്തില്‍ മതേതര ബദലിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്.

കോണ്‍ഗ്രസ്സിനുള്ളിലെ അധികാര മോഹവും വടംവലിയുമാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് ഇപ്പോഴെന്നത് ഓര്‍ക്കാതെയാണ് ധിക്കാരപരമായ ഈ സമീപനം.

ബി.ജെ.പിക്ക് എതിരെ മതേതര ബദല്‍ എന്ന് പ്രസംഗിക്കുക, പ്രതിപക്ഷ ചേരിയുടെ സമരങ്ങളില്‍ പങ്കെടുക്കുക, അവസരം കിട്ടുമ്പോള്‍ പാലം വലിക്കുക… അതാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി ചെയ്തുവരുന്നത്.

ആരാണ് തന്റെയും പാര്‍ട്ടിയുടെയും ശത്രു എന്ന കാര്യത്തില്‍ പോലും ഈ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന് നിലവില്‍ ഒരു ധാരണയുമില്ല.

ഈ സാഹചര്യം പരിശോധിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന രൂപത്തില്‍ വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേരിടുന്നത് എന്നത് വ്യക്തമാണ്. ഇടതുപക്ഷം, എസ്.പി ബി.എസ്.പി സഖ്യം, ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ തഴഞ്ഞ് യു.പി.എക്ക് ഒറ്റക്ക് നേടാം എന്ന അഹങ്കാരം നല്ലതിനല്ല. തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിച്ചാല്‍ കോണ്‍ഗ്രസ്സ് എന്ന കപ്പല്‍ മുങ്ങുക തന്നെ ചെയ്യും. മാത്രമല്ല, യു.പി.എയിലെ പ്രധാന കക്ഷികളെല്ലാം ചേരി മാറാനുള്ള സാധ്യതയും വളരെ കൂടുതലുമാകും. വ്യക്തിപരമായും വലിയ വില ഇതിനെല്ലാം ഗാന്ധി കുടുംബം നല്‍കേണ്ടിയും വരും. പ്രത്യേകിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് ഇപ്പോള്‍ തന്നെ അറസ്റ്റിന്റെ നിഴലിലായ സാഹചര്യത്തില്‍.

yechuri

ഇനി ഒരവസരം കൂടി മോദിക്ക് ലഭിച്ചാല്‍ മറ്റൊരു മോദിയെ ആയിരിക്കും നമുക്ക് കാണേണ്ടി വരിക. അത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് അത്ര ശുഭകരമായിരിക്കില്ല. ബി.ജെ.പിക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ രാജ്യം ഏകാധിപത്യത്തിലേക്കു പോകുമെന്ന ഇടതുപക്ഷത്തിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്.

കരയില്‍ മാത്രമല്ല ബഹിരാകാശത്തും ആക്രമണമെന്ന തന്ത്രം പുറത്തെടുത്ത മോദിയെ പ്രതിപക്ഷവും പേടിക്കുക തന്നെ വേണം. ഇവിടെ നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍ ഒരുമിച്ചാണ് മതേതര ചേരി നിലയുറപ്പിക്കേണ്ടിയിരുന്നത്. അവിടെ ഭിന്നിപ്പുണ്ടായാല്‍ നേട്ടം കൊയ്യുക ബി.ജെ.പി ആണെന്നറിഞ്ഞിട്ടും നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുന്നത് സ്വയം കുഴി തോണ്ടുന്നതിന് തുല്യമാണ്. സ്വന്തം കപ്പല്‍ നടുക്കടലില്‍പ്പെട്ട് തകരാനായിട്ടും കപ്പിത്താന് കാര്യം പിടികിട്ടിയിട്ടില്ലെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വയനാട്ടിലേക്കുള്ള പലായനത്തെ വിനാശകാലേ വിപരീത ബുദ്ധി എന്നു മാത്രമേ ഓര്‍മ്മിപ്പിക്കാനൊള്ളൂ.

political reporter

Top