വയനാട്ടിൽ രാഹുലിനെ നേരിടുന്നതിന് സുരേഷ് ഗോപി വേണമെന്ന് ആർ.എസ്.എസ്

.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വയനാട്ടില്‍ മലയാള സിനിമാതാരവും എം.പിയുമായി സുരേഷ്‌ഗോപിയെ മത്സരിപ്പിക്കാന്‍ നീക്കം. ആര്‍എസ്എസ് നിര്‍ദ്ദേശം കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. നിലവില്‍ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസിലെ പൈലി വാദ്യാട്ടിനെ മാറ്റാനുള്ള സന്നദ്ധത തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തുഷാറിനും വയനാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഊതി വീര്‍പ്പിച്ച ‘ബലൂണിന്’ അമിത പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍എസ്എസ് നേതൃത്വം.

രാഹുലിനെതിരെ അമേഠിയില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വയനാട്ടിലേക്ക് പരിഗണിച്ചിരുന്നെങ്കിലും സ്മൃതിയേക്കാള്‍ വയനാട്ടില്‍ ശക്തനായ എതിരാളിയാവുക സുരേഷ്‌ഗോപിയാണെന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഇതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിയുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞതായാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

thushar vellapally

കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം സുരേഷ്‌ഗോപി അംഗീകരിക്കാനാണ് സാധ്യത. അമേഠിയില്‍ രാഹുല്‍ഗാന്ധിയുമായി മത്സരിച്ച് പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനിയെ ബി.ജെ.പി കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയിരുന്നു. പരാജയപ്പെട്ടാലും ബി.ജെ.പി ഭരണത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രിപദം ലഭിക്കാനുള്ള സാധ്യതയും സുരേഷ് ഗോപിക്കു മുന്നില്‍ തെളിയും.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം 2009തിലെ എം.ഐ ഷാനവാസിന്റെ ഒന്നര ലക്ഷത്തില്‍ കൂടുതലായില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ പരാജയമായിതന്നെ വിലയിരുത്തപ്പെടും. രാഹുലിന്റെ ഭൂരിപക്ഷം കുറക്കാനായാല്‍ അത് സുരേഷ്‌ഗോപിക്കും ഇടതുപക്ഷത്തിനും നേട്ടമാവുകയും ചെയ്യും.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വയനാട്. വയനാട്ടിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇവിടെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഏതാണ്ട് തുല്യ ശക്തിയായി വരും.

അഞ്ചു തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷം ചുരംകയറിയെത്തിയ അന്യനാട്ടുകാരനായ എം.ഐ ഷാനവാസിനെ 2009തില്‍ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്. അന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടുമായി മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. 2014 തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞിരുന്നു. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ മണ്ഡലമായ വയനാട്ടില്‍ സത്യന്‍മൊകേരിയായിരുന്നു കഴിഞ്ഞ തവണ ഷാനവാസിന്റെ എതിരാളി. ഇത്തവണ സി.പി.ഐ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി സുനീറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.

രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ വയനാട് ഇന്ത്യയിലെ താരമണ്ഡലമായി മാറും പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. സ്മൃതി ഇറാനി അടക്കമുള്ളവര്‍ വയനാട്ടിലെത്തും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവരും രാഹുലിന് വോട്ടുതേടി വയനാട് ചുരം കയറും. ഈ മണ്ഡലത്തില്‍ രാഹുല്‍-ബിജെപി ഏറ്റുമുട്ടലായി മാറ്റാനാണ് സംഘപരിവാര്‍ നീക്കം. ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളാന്‍ കഴിയുമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. സ്ഥാനാര്‍ത്ഥി ആരു തന്നെ ആയാലും മുതിര്‍ന്ന നേതാവിന് തന്നെ പ്രചരണ ചുമതല നല്‍കാനാണ് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Top