രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷം അതിശക്തമായ മത്സരം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ ഇടതുപക്ഷം അതിശക്തമായ മത്സരം സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍.

കോണ്‍ഗ്രസ് വലിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ പ്രചാരണം നടത്തിയിട്ട് ഒടുവില്‍ പവനായി ആയി മാറാതിരുന്നാല്‍ മതി. രാഹുല്‍ ഗാന്ധി കോണ്‍ട്രാക്ട് കൊടുത്ത ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആസൂത്രണം ചെയ്തതുപോലെയാണ് വയനാട് സീറ്റിന്റെ പേരില്‍ തുടരുന്ന അനിശ്ചിതത്വമെന്ന് വിജയരാഘവന്‍ പരിഹസിച്ചു.

ഇടതുപക്ഷത്തിന് ശക്തമായ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ഇടതുപക്ഷവും രണ്ട് രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്നത് സാമ്പത്തിക ഉദാരീകരണത്തിന്റെ രാഷ്ട്രീയമാണ്. എന്നാല്‍ ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കൂടുതല്‍ അപകടകരം. സിപിഎം മത്സരിക്കുന്ന ഇടങ്ങളില്‍ വിജയിക്കാന്‍ ശ്രമിക്കും. അല്ലാത്ത ഇടങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി പരമാവധി ആളുകളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കും. കോണ്‍ഗ്രസിന് നിലപാടുകളുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം എന്നതല്ല ഈ തെരഞ്ഞെടുപ്പിന്റെ വിഷയം. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരുക എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനിക്കുക. രാഷ്ട്രീയത്തില്‍ കുറുക്കുവഴികളില്ല എന്ന് കോണ്‍ഗ്രസും ബിജെപിയും മനസിലാക്കണമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Top