രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ ? ഇല്ലയോ അന്തിമ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമറിയാം. പ്രകടനപത്രിക ഏപ്രിൽ 2ന് ഇറങ്ങും മുമ്പായി പ്രഖ്യാപനം നടത്താനാണ് ശ്രമം. രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇന്ന് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ പങ്കെടുക്കും.

രണ്ടാം മണ്ഡലമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഗണിക്കാൻ സാധ്യതയുള്ള വയനാട്ടിലും കർണാടകയിലെ ബീദറിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 4 ആണ്.

ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്‍ജേവാല പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാള്‍ സൂചന നല്‍കിയിട്ടുണ്ട്. കർണാടകയിൽ മത്സരിച്ചാൽ വിജയ സാധ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ രണ്ടാം സീറ്റിൽ മത്സരിക്കുകയാണെങ്കിൽ വയനാട് പരിഗണിക്കാനാണ് സാധ്യത.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാഹുല്‍ ആന്ധ്രയിലേക്കു പ്രചാരണത്തിനു പോകുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിലുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

Top