രാഹുലിന് വയനാട്ടില്‍ മത്സരിക്കണമെങ്കില്‍ യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എം.ടി.രമേശ്

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കണമെങ്കില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.

ഈ തെരഞ്ഞെടുപ്പിലെ സിപിഎം- കോണ്‍ഗ്ര് കൂട്ടുകെട്ട് ഇതിനോടകം തന്നെ വെളിച്ചത്തായെന്നും അദ്ദേഹം വിമര്‍ശിച്ചു. എംഎല്‍എമാരെ സ്ഥാനാര്‍ഥികളാക്കിയ എല്ലായിടങ്ങളിലും സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്നും രമേശ് വ്യക്തമാക്കി.

അതേസമയം കേരളം മാറ്റത്തിന്റെ പാതയിലാണെന്നും അത് തടയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കഴിയില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

കേരളം ചരിത്ര മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കും. ഈ മുന്നേറ്റത്തിന് എതിരായി വ്യാപക പ്രചരണമാണ് നടക്കുന്നത്. സത്യത്തെ വികലമാക്കുന്ന അസത്യ പ്രചരണങ്ങളാണ് ഇടത് വലത് മുന്നണികള്‍ നടത്തുന്നത്. ഇതിനെതിരെ ജനമനസുകളില്‍ സത്യം എത്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ പ്രബല ശക്തിയായി എന്‍ഡിഎ മാറും.

ശബരിമല പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് കുത്തിയത് പിണറായി സര്‍ക്കാരാണെങ്കില്‍ പിന്നില്‍ നിന്ന് കുത്തിയത് കോണ്‍ഗ്രസാണ്. സിപിഎം സാങ്കേതികമായി ദേശീയ പാര്‍ട്ടി ആണെങ്കിലും പ്രായോഗികമായി സംസ്ഥാന കക്ഷിയാണ്. അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത് കേരളത്തിലാണ്.

എല്‍ഡിഎഫും യുഡിഎഫും എന്തിനാണ് പ്രത്യേകം മത്സരിക്കുന്നത്. കേരളത്തിനകത്തുള്ള മാഹിയിലും അതിര്‍ത്തി പ്രദേശമായ കന്യാകുമാരിയിലും ഇരുമുന്നണികള്‍ക്കും വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ഒരു മുന്നണിയുടെ ഭാഗമാണ്. വയനാട്ടില്‍ മത്സരിക്കുമെന്ന് കേട്ട രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതു തന്നെ സിപിഎം സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top