വരാനിരിക്കുന്ന ആറ് മാസം നിര്‍ണായകം; രാജ്യത്തിന്റെ തകര്‍ച്ച മുന്നില്‍ കണ്ട് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്കെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത ആറുമാസത്തിനുള്ളില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരിക എന്നും ഇതിന്റെ യാതനകള്‍ അനുഭവിക്കേണ്ടി വരിക ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയ തകര്‍ച്ച നേരിടാന്‍ പോകുകയാണ്. രാജ്യത്ത് എത്രമാത്രം ഇത് വേദാനാജനമാകുമെന്ന് നിങ്ങള്‍ക്ക് അറിയില്ല. പ്രതിസന്ധി സുനാമി പോലെ വലിയ ദുരന്തമാണെന്നും രാഹുല്‍ പറഞ്ഞു.

സുനാമി സമയത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലുണ്ടായ ഒരു സംഭവ കഥ പോലെ അവതരിപ്പിച്ചാണ് സമാനമായ പ്രത്യാഘാതമാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് രാഹുല്‍ നല്‍കിയത്.

‘നിങ്ങളോട് ഞാനൊരു കഥ പറയാം. ആന്‍ഡമാന്‍ നിക്കോബാറില്‍ സുനാമി വരുന്നതിന് മുമ്പ് കടല്‍വെള്ളം ഉള്‍വലിഞ്ഞു. വെള്ളം വലിയ രീതിയില്‍ കുറഞ്ഞതോടെ തദ്ദേശവാസികള്‍ മീന്‍പിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് വെള്ളം ക്രമാതീതമായി ഉയര്‍ന്നത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവര്‍ക്കില്ല. കൊറോണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുല്‍ പറഞ്ഞു.

കോവിഡ് 19-നെ പ്രതിരോധിക്കുന്നതിന് മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനും ഇന്ത്യ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞാനത് വീണ്ടും വീണ്ടും പറയുകയാണ്. ഇക്കാര്യം പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്, പക്ഷേ അടുത്ത ആറുമാസത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത വേദനയിലൂടെയായിരിക്കും ജനങ്ങള്‍ കടന്നുപോകേണ്ടിവരിക രാഹുല്‍ പറഞ്ഞു.

Top