ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കും; വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി

തിരുവനമ്പാടി: പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. പ്രകൃതി ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. അവ പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തം സാമ്പത്തിക മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ദുരിതബാധിതരും രോഗികളുമായിട്ടുള്ളവര്‍ക്ക് ഉള്‍പ്പെടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകള്‍ ശുചീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല വയനാട്ടിലെ ഒരോരുത്തരെയും ഒരുമിച്ച് നിര്‍ത്തി പ്രളയത്തെ നേരിടുന്നതിനുള്ള ശ്രമമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലില്‍ കൂടുതല്‍ നാശം സംഭവിച്ച കവളപ്പാറയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് കവളപ്പാറയില്‍ എത്തിയത്.

ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇന്നലെ വയനാട് മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായും ജില്ലാ കളക്ടറുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

Top